കുണ്ടായിത്തോട് അമാങ്കുനി അടിപ്പാത

To advertise here,

ഫറോക്ക് : കുണ്ടായിത്തോട് അമാങ്കുനി അടിപ്പാത നിർമാണം ഏറെക്കുറെ പൂർത്തിയായെങ്കിലും അടിപ്പാതയിൽനിന്ന് അമാങ്കുനി ഭാഗത്തെ ചെറുവനശ്ശേരി റോഡിൽ പ്രവേശിക്കാൻ കഴിയാത്തത് നാട്ടുക്കാരെ വിണ്ടും പ്രതിസന്ധിയിലാക്കി. ഇപ്പോൾ നിർമിച്ച അടിപ്പാത ചെന്നെത്തുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്കാണ്.

സ്വകാര്യവ്യക്തി ദിവസങ്ങൾക്ക് മുൻപ്‌ തന്റെ പറമ്പിൽ മതിൽ നിർമാണവും പൂർത്തികരിച്ചിട്ടുണ്ട്. കൂടാതെ അടിപ്പാത കഴിഞ്ഞ് ഒരടി ഉയരത്തിൽ കോൺക്രീറ്റ് അടിത്തറയുടെ നിർമാണവും നടന്നിട്ടുണ്ട്. മേഖലയിലെ ജനങ്ങളുടെ വർഷങ്ങളായിട്ടുള്ള കാത്തിരിപ്പായിരുന്നു അമാങ്കുനി അടിപ്പാത.

അടിപ്പാത നിർമാണം കഴിഞ്ഞതോടെ കരാറുകാർ അടിപ്പാതയിലെ വെള്ളം വറ്റിച്ചിരുന്നു. മാത്രമല്ല ചെളിയും നീക്കംചെയ്തിരുന്നു. എന്നാൽ കുണ്ടായിത്തോട് ഭാഗത്തുനിന്ന് നടുവട്ടം ഭാഗത്തേക്ക് പോകുന്ന ചെറുവനശ്ശേരി റോഡിലേക്ക് എങ്ങനെ പ്രവേശിക്കുമെന്നറിയാതെ കുഴങ്ങുകയാണ് ഇപ്പോൾ നാട്ടുകാർ. അടിപ്പാത നിർമാണ ഘട്ടത്തിൽത്തന്നെ അപ്രോച്ച് റോഡിന് അഭിമുഖമമായിട്ടല്ല അടിപ്പാത നിർമിക്കുന്നതെന്ന പരാതി വ്യാപകമായി നാട്ടുകാർ ഉന്നയിച്ചിരുന്നു. എന്നാൽ അധികൃതർ അത് ചെവിക്കൊണ്ടില്ലെന്നാണ് നാട്ടുകാർ ഇപ്പോൾ പറയുന്നത്. മഴ പ്പെയ്താൽ ചെങ്കുത്തായ പ്രദേശത്തുനിന്ന് മഴവെള്ളം കുത്തിയൊലിച്ചെത്തുക അടിപ്പാതയിലേക്കാണെന്ന പരാതിയും ഉണ്ട്. പ്രശ്നത്തിന് അടിയന്തരപരിഹാരം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.