തിരുവമ്പാടി : കിഫ്ബി പദ്ധതിയിൽ 108.314 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ റോഡ് പ്രവൃത്തി ഇഴഞ്ഞുതന്നെ. നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പ്രവൃത്തി 2024 മാർച്ചിൽ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിർവഹിച്ചത്. കേരള റോഡ് ഫണ്ട് ബോർഡ് നിർവഹണം നടത്തുന്ന പദ്ധതിയുടെ കാലാവധി രണ്ടുവർഷമാണ്. നിശ്ചിതകാലാവധി കഴിഞ്ഞ് എട്ടുമാസമായിട്ടും വലിയഭാഗം പണികൾ ബാക്കിനിൽക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറുകാർ.

To advertise here,

റോഡിന്റെ പല ഭാഗങ്ങളും പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചിട്ടിരിക്കുകയാണ്. ഇരുമ്പകംപാലം പുനർനിർമാണപ്രവൃത്തികാരണം ഏറെ ചുറ്റിവളഞ്ഞുവേണം ഇരുകരകളിലുമുള്ളവർക്ക് പുറംലോകത്തെത്താൻ. വിദ്യാർഥികൾ ഉൾപ്പെടെയുള്ള സ്ഥിരംയാത്രക്കാർ വലയുകയാണ്. ആനക്കാംപൊയിൽ പാലംനിർമാണവും ഇഴഞ്ഞുനീങ്ങുകകയാണ്. മുത്തപ്പൻപ്പുഴ, കാളിയാമ്പുഴ പാലങ്ങളുടെ നിർമാണം പൂർത്തിയായതുമാത്രം ആശ്വാസം. മുത്തപ്പൻപ്പുഴ പാലത്തിന്റെ സമീപന റോഡ് പൂർത്തിയാക്കാനുണ്ട്.

പുല്ലൂരാംപാറ-എലന്തുകടവ്-ആനക്കാംപൊയിൽ, മുത്തപ്പൻപ്പുഴ-മറിപ്പുഴ റൂട്ടുകളിൽ പാടെ കുഴികൾ രൂപപ്പെട്ടതിനാൽ ഏറെ സാഹസപ്പെട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്. പല ഭാഗങ്ങളിലും പൊടിശല്യവും വെള്ളക്കെട്ട് പ്രശ്നവും. റോഡുതകർച്ചകാരണം ഈ റൂട്ടുകളിൽ ഇരുചക്രവാഹനങ്ങളടക്കം നിയന്ത്രണംവിടുന്നതും പതിവുകാഴ്ചയാണ്. കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെ ഗതാഗതത്തിരക്കേറിയ റോഡാണിത്. അരിപ്പാറ, തുഷാരഗിരി ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും മറ്റുമായി ഇതരജില്ലകളിൽനിന്നടക്കമുളള വാഹനങ്ങളുടെ പടയാണ് സദാസമയവും. മതിയായ ജീവനക്കാരില്ലാത്തതാണ് പ്രവൃത്തിയിലെ കാലതാമസത്തിനുകാരണമെന്ന് നാട്ടുകാർ പറയുന്നു. വിരലിലെണ്ണാവുന്ന ജീവനക്കാരെവെച്ചാണ് പലഭാഗങ്ങളിലും ജോലിനടക്കുന്നത്. പ്രവൃത്തി വേഗത്തിലാക്കാൻ നിരന്തരം കരാർകമ്പനിയുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്നുണ്ടെന്ന് സി.കെ. കാസിം എം.എൽ.എ. പ്രതികരിച്ചു.

ഇരുമ്പകംപാലം ഉടൻ പൂർത്തിയാക്കണം

: തിരുവമ്പാടി-മറിപ്പുഴ റോഡിലെ ഇരുമ്പകംപാലം പുനർനിർമിക്കുന്നതിനാൽ പഴയപാലം പൊളിച്ചതോടെ ഇരുകരകളിലുമുള്ള ആളുകൾ ഏറെ ദുരിതത്തിലാണെന്നും പാലംനിർമാണം എത്രയുംപെട്ടെന്ന് പൂർത്തിയാക്കണമെന്നും വ്യാപാരി-വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവമ്പാടി-പുല്ലൂരാംപാറ റൂട്ടിൽ മാസങ്ങളായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇലഞ്ഞിക്കൽ-അത്തിപ്പാറ വഴി ഏറെ ചുറ്റിവളഞ്ഞാണ് വാഹനങ്ങൾ പോകുന്നത്. യാത്രക്കാർ വലയുകയാണ്. പാലംപണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം -യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സിബി കീരംപാറയിൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജസ്റ്റിൻ ആക്കാട്ടുമുണ്ടയ്ക്കൽ, ട്രഷറർ ലിജോ കുന്നേൽ, ജെയ്സൺ മണിക്കൊമ്പേൽ, ജോമോൻ ചേന്ദംമുറിയിൽ, നിധീഷ് വി. റാം, സോണി മണ്ഡപത്തിൽ, ബേബി കട്ടിക്കാനായിൽ, പി.യു. കരീം, നാസർ, സുനീർ, റിയാസ്, റോയ് കളത്തൂർ തുടങ്ങിയവർ സംസാരിച്ചു.