പേരാമ്പ്ര : പട്ടണത്തിലെ ഞായറാഴ്ച നടക്കുന്ന കന്നുകാലിച്ചന്ത പ്രദേശത്തെങ്ങും പേരുകേട്ടതാണ്. ജില്ലയിലെ തന്നെ പ്രധാന കന്നുകാലികച്ചവടം നടക്കുന്ന ചന്തയാണ് പേരാമ്പ്രയിലേത്. പേരാമ്പ്ര ബൈപ്പാസിനു സമീപത്തെ സ്വകാര്യസ്ഥലത്താണ് പേരാമ്പ്രയിലെ കന്നുകാലിച്ചന്ത ഇപ്പോൾ പ്രവർത്തിക്കുന്നത്. ബൈപ്പാസ് റോഡിനേക്കൾ താഴ്ന്നസ്ഥലമായതിനാൽ കന്നുകാലികളെ വാഹനത്തിൽനിന്ന് ഇറക്കാനും കയറ്റാനും വാഹനംറോഡിലാണ് നിർത്തുന്നത്.

To advertise here,

വാഹനം റോഡിൽ കുറു​േക നിർത്തി കന്നുകാലികളെ കയറ്റുന്നതോടെ റോഡിൽ ഗതാഗത തടസ്സത്തിനും ഇടയാക്കാറുണ്ട്. ചന്തനടക്കുന്ന സ്ഥലത്തേക്ക് വാഹനം ഇറക്കാനുള്ള സൗകര്യം ഇവിടെയില്ല. ഞായറാഴ്ച അതിരാവിലെ ബൈപ്പാസിന് ഇരുവശത്തും വാഹനങ്ങളുടെ വലിയനിരയാണുണ്ടാകുക.

പേരാമ്പ്ര പഞ്ചായത്തിൽ നിന്നും ലേലത്തിന് എടുക്കുന്നവരാണ് ചന്തനടത്താൻ നേതൃത്വംനൽകുന്നത്. നേര​േത്ത പേരാമ്പ്ര പൈതോത്ത് റോഡിനുസമീപത്തുള്ള സ്ഥലത്തായിരുന്നു ചന്ത നടന്നിരുന്നത്. അവിടെ കെട്ടിടങ്ങൾ വന്നതോടെയാണ് പുതിയസ്ഥലത്തേക്ക് മാറിയത്.

പെരുന്നാൾ സമയങ്ങളിൽ വലിയതിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. ജില്ലയിലെ വിവിധപ്രദേശങ്ങളിൽനിന്നും അയൽ ജില്ലകളായ മലപ്പുറം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നും കന്നുകാലികളെ വാങ്ങാൻ ആളുകൾ എത്താറുണ്ട്. ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കാറുള്ളത്.

മൂരിക്കുട്ടൻ, പോത്ത്, ആട് എന്നിവയുടെ കച്ചവടമാണ് പ്രധാനമായുള്ളത്. ബാലുശ്ശേരിയിലാണ് തൊട്ടടുത്ത് പ്രദേശത്ത് കന്നുകാലിച്ചന്തയുള്ളത്.