കോഴിക്കോട് : ഭൂമി തരംമാറ്റാനുള്ള രണ്ടരലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും സർക്കാരിന്റെ 100 ദിനപദ്ധതിയിൽ 50,000 അപേക്ഷകൾ തീർപ്പാക്കുമെന്നും മന്ത്രി എ.പി. അനിൽകുമാർ. ജില്ലാ പട്ടയമേള കോഴിക്കോട്ട് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

പട്ടയം എന്നത് ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്. 100 ദിനപദ്ധതിയിൽ 10,000 പട്ടയങ്ങൾ വിതരണംചെയ്യുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ സേവനങ്ങൾ വേഗത്തിലാക്കാൻ കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കുകയും സർക്കാർസേവനങ്ങളുടെ സമ്പൂർണ ഡിജിെറ്റെസേഷൻ നടപ്പാക്കുകയും ചെയ്യും. പൊതുജനങ്ങളോട് മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ വി.കെ. ഫൈസൽ ബാബു എം.എൽ.എ. അധ്യക്ഷനായി. ജില്ലയിൽ ശനിയാഴ്ച 1350 പട്ടയങ്ങൾ വിതരണംചെയ്തു. എം.പി.മാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, എം.എൽ.എ.മാരായ കെ. ജയന്ത്, കെ. പ്രവീൺകുമാർ, സി.കെ. കാസിം, എം.എ. റസാഖ്, വി.ടി. സൂരജ്, പി.കെ. ഫിറോസ്, വിദ്യാ ബാലകൃഷ്ണൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കളക്ടർ എം.എസ്. മാധവിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

ഒന്നും രണ്ടുമല്ല; 50 വർഷത്തെ കാത്തിരിപ്പ്...

: ഒന്നും രണ്ടുമല്ല 50 വർഷമാണ് അർഹതയുള്ള പട്ടയത്തിനായി കോടഞ്ചേരി നെല്ലിപ്പൊയിൽ പുലക്കയത്തിൽ മാത്യു കുറവക്കരയും ഭാര്യ മറിയാമ്മയും കാത്തിരുന്നത്. 1976-ലാണ് ആദ്യമായി പട്ടയത്തിനായി അപേക്ഷിച്ചത്. അന്ന് പട്ടയം കിട്ടിയില്ല. പിന്നെ ജീവിതത്തിന്റെ തിരക്കുകളിൽ പട്ടയമെന്ന ആവശ്യം മുങ്ങിപ്പോയി.

2023-ലാണ് വീണ്ടും പട്ടയത്തിനായി അപേക്ഷിച്ചത്. ഒരുവട്ടംപോലും മുടങ്ങാതെ 27 തവണയാണ് മാത്യു ഹിയറിങ്ങിനായെത്തിയത്. ഒടുവിൽ പൊന്നുവിളയുന്ന സ്വന്തം ഭൂമി, രേഖകളിലും സ്വന്തമായപ്പോൾ മാത്യുവിന്റെ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം.

ഇത്രയുംകാലത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്നും വാർധക്യകാലത്ത് ഇനിയും ഓഫീസുകൾ കയറിയിറങ്ങേണ്ടല്ലോയെന്നും മാത്യു പറയുന്നു. ഒപ്പം ഉദ്യോഗസ്ഥർ ജാഗ്രതപാലിച്ചിരുന്നെങ്കിൽ ഇത്രയുംതവണ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.