ലാത്തിച്ചാർജ്, ഏറ്റുമുട്ടൽ
വടകര : പതിയാരക്കരയിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ ആക്രമിച്ച ലഹരിമാഫിയാസംഘത്തെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. വടകര പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് കടന്ന് പോലീസ് സ്റ്റേഷനിലേക്ക് കുതിച്ച ഡി.വൈ.എഫ്.ഐ. പ്രവർത്തകരും പോലീസും ഏറ്റുമുട്ടി.
ഒരു പോലീസുകാരൻ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ഒരുമണിക്കൂറോളം സ്റ്റേഷൻ മുറ്റത്തിരുന്ന് മുദ്രാവാക്യം വിളിച്ച ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ഏഴരയോടെയാണ് പിരിഞ്ഞുപോയത്.
തിരുവോണനാളിൽ ഡി.വൈ.എഫ്.ഐ. പതിയാരക്കര മേഖലാ ജോയിന്റ് സെക്രട്ടറി വിനൂപിന് മർദനമേറ്റിരുന്നു. ലഹരിമാഫിയാസംഘമാണ് ഇതിനുപിന്നിലെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ. സമരപാതയിലാണ്. ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച വൈകീട്ട് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. സാധാരണയായി മാർച്ച് തടയുന്ന സ്ഥലത്ത് ബാരിക്കേഡ് കെട്ടിയെങ്കിലും ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ഇത് ഇളക്കിമാറ്റി വിടവുണ്ടാക്കി ഉള്ളിലേക്ക് ഓടിക്കയറി.
150-ഓളം പ്രവർത്തകരെ തടയാൻ 30-ഓളം പോലീസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരെയും തടയാൻ പോലീസിനായില്ല. ഓടുന്നതിനിടെ ലാത്തിച്ചാർജ് നടത്തിയെങ്കിലും കുറേപ്പേർ അപ്പോഴേക്കും സ്റ്റേഷന്റെ മുറ്റത്തെത്തി. ഇതോടെ പോലീസ് സ്റ്റേഷൻമുറ്റം സംഘർഷഭരിതമായി. പ്രവർത്തകരും പോലീസും പരസ്പരം ഏറ്റുമുട്ടുന്ന നിലയായി. ഒരു പോലീസുകാരനും അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കുമാണ് പരിക്ക്.
സിവിൽ പോലീസ് ഓഫീസർ ബിജുവിന്റെ കൈക്ക് മുറിവുണ്ട്. ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് സെക്രട്ടറി ഷിജിൻ നെല്ലിയുള്ളതിൽ (39), ഡി.വൈ.എഫ്.ഐ. പതിയാരക്കര മേഖല സെക്രട്ടറി വേന്തോറ മലയിൽ അശ്വന്ത് (32), വടകര ബ്ലോക്ക് കമ്മിറ്റി അംഗം കരിമ്പനപ്പാലം വട്ടക്കണ്ടി രോഹിത്ത് (27), പ്രവർത്തകരായ ചെരണ്ടത്തൂർ സ്വദേശി ശരത്ത് (36), പുതിയാപ്പ് സ്വദേശി സുജിത്ത് (32) എന്നിവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റേഷൻ മുറ്റത്തുതന്നെയാണ് മുദ്രാവാക്യം വിളിയും പ്രസംഗവുമെല്ലാം നടന്നത്. പോലീസിനെതിരേ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നു. ജില്ലാ പ്രസിഡന്റ് ദിപു പ്രേംനാഥ് മാർച്ച് ഉദ്ഘാടനംചെയ്തു. ഒരുമണിക്കൂറിനുശേഷം നേതാക്കൾ ഡിവൈ.എസ്.പി. കെ.കെ. ബിജുവുമായി സംസാരിച്ചു.
പ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്ന് ഡിവൈ.എസ്.പി. ഉറപ്പുനൽകിയെന്ന് നേതാക്കൾ പ്രഖ്യാപിച്ചതോടെയാണ് സമരം അവസാനിച്ചത്.
Published: 09 Sept 2026, 04:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented