വടകര : ഏറെനാളത്തെ ആവശ്യത്തിനൊടുവിൽ വടകര റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ ബൂത്തിന് സമീപം മേൽക്കൂര സ്ഥാപിച്ചു. ഇതോടെ യാത്രക്കാർക്ക് ഇനി വെയിലും മഴയും ഏൽക്കാതെ ഓട്ടോയിൽ കയറാം.ഏറെ നാളത്തെ ആവശ്യമായിരുന്നു ഇവിടെ മേൽക്കൂര പണിയണമെന്നത്. അമൃതഭാരത് സ്റ്റേഷൻ പദ്ധതിയിലാണ് മേൽക്കൂര സ്ഥാപിച്ചത്.അമൃതഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷൻ നവീകരിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽനിന്ന് ഓട്ടോബൂത്തിലേക്ക് നടന്നുപോകുന്ന ഭാഗത്ത് മേൽക്കൂര ഇല്ലായിരുന്നു.
ഓട്ടോയിലേക്ക് കയറാൻ യാത്രക്കാർ മഴയും വെയിലും കൊണ്ടാണ് ഇവിടെ വരിനിന്നിരുന്നത്.വലിയ ലഗേജും കൈക്കുഞ്ഞുങ്ങളുമായി വരുന്നവരും രോഗികളും എല്ലാം ഇതുകാരണം ഏറെ പ്രയാസപ്പെട്ടിരുന്നു. ഇപ്പോൾ മേൽക്കൂര സ്ഥാപിച്ചതോടെ ഇതിനുപരിഹാരമായി.
ഓട്ടോകൾ ലഭിക്കുന്നില്ലെന്ന പരാതി ശക്തം
മേൽക്കൂര സ്ഥാപിച്ചെങ്കിലും ഇപ്പോഴും ആവശ്യത്തിന് ഓട്ടോ ലഭിക്കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. ഇരുഭാഗങ്ങളിൽനിന്നും തീവണ്ടികൾ വരുന്ന സമയത്തും കുറഞ്ഞ ഇടവേളകളിൽ തീവണ്ടി എത്തുമ്പോഴും മണിക്കൂറുകൾ കാത്തുനിന്നാൽമാത്രമേ ഓട്ടോ ലഭിക്കുന്നുള്ളൂ. സ്റ്റേഷനിൽ കാർട്ട് ഫീ നൽകി ഓടുന്ന വണ്ടികളുടെ എണ്ണവും കുറയുന്നുണ്ട്. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡുകളുടെ ശോച്യാവസ്ഥയാണ് പ്രധാന കാരണമായി ഓട്ടോത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.
റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുകൾ വൺവേ ആക്കിയതിനാൽ റെയിൽവേ സ്റ്റേഷനിൽനിന്നും പുറത്തേക്ക് പോകുന്ന വാഹനങ്ങൾ കീർത്തിമുദ്ര തിയേറ്ററിന് സമീപത്തുകയറുന്ന റോഡ് വഴിയാണ് പോകുന്നത്. ഇവിടെ റോഡ് പൊട്ടിപ്പൊളിഞ്ഞനിലയിലാണ്. പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകേണ്ട ഓട്ടോകൾ, നിർമാണം പാതിവഴിയിലായ ഗസ്റ്റ് ഹൗസ്-റെയിൽവേ സ്റ്റേഷൻ റോഡ് വഴിയും പോകാറുണ്ട്. ഈ റോഡ് പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ ഇതുവഴിയുള്ള യാത്രയും പ്രയാസത്തിലാണ്.
Published: 16 Nov 2026, 02:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented