യൂണിയൻ പിന്മാറി, തൊഴിലാളികൾ മാറിയില്ല
വടകര : വടകരയിലെ ബസ്‌സ്റ്റാൻഡ് മാറ്റവുമായി ബന്ധപ്പെട്ട് റൂറൽ എസ്.പി. മെറിൻ ജോസഫ് നൽകിയ ഉറപ്പ് ലംഘിച്ച് സ്വകാര്യബസ് തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു. സംയുക്ത തൊഴിലാളി യൂണിയനും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും എസ്.പി.യുടെ തീരുമാനം അംഗീകരിച്ച് സമരം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും തൊഴിലാളികൾ ഇത് അംഗീകരിച്ചില്ല. ചൊവ്വാഴ്ച തൊഴിലാളികൾ സ്വമേധയാ പണിമുടക്കുകയായിരുന്നു. സംയുക്ത തൊഴിലാളി യൂണിയനും ബസ്സുടമകളുമെല്ലാം സമരത്തിൽ കാഴ്ചക്കാരായി. വടകര-കൊയിലാണ്ടി, വടകര- പയ്യോളി-പേരാമ്പ്ര, കോട്ടക്കൽ, കൊളാവിപ്പാലം റൂട്ടുകളിലാണ് തുടർച്ചയായ രണ്ടാംദിവസവും ബസ് തൊഴിലാളികൾ പണിമുടക്കിയത്. ഒരാഴ്ചയ്ക്കിടെ ഈ വിഷയത്തിലുള്ള മൂന്നാമത്തെ മിന്നൽപണിമുടക്കായി ഇത്.
വടകര ലിങ്ക് റോഡിലെ ബസ് സ്റ്റാൻഡ് പഴയ സ്റ്റാൻഡിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച സ്വകാര്യബസുകൾ പണിമുടക്കിയത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി 48 മണിക്കൂറിനുള്ളിൽ വിളിച്ചുചേർത്ത് വിഷയത്തിൽ അന്തിമതീരുമാനമെടുക്കുമെന്ന് എസ്.പി. ഉറപ്പുനൽകിയതുപ്രകാരം സമരം ഒത്തുതീർന്നു. അതുവരെ പഴയ സ്റ്റാൻഡിലേക്ക് സർവീസ് മാറ്റണമെന്നും എസ്.പി. നിർദേശിച്ചു. തൊഴിലാളി യൂണിയൻ പ്രതിനിധികളും ബസ്സുടമകളും ഇത് അംഗീകരിച്ചെങ്കിലും ഒരു വിഭാഗം ബസ് ജീവനക്കാർ ഇത് തള്ളി സമരരംഗത്ത് തുടരുകയായിരുന്നു. ബി.എം.എസ്. സമരത്തിന് പിന്തുണ നൽകി. പ്രശ്നപരിഹാരത്തിന് എസ്.പി.യുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിട്ടും യാത്രക്കാരെ പ്രയാസത്തിലാക്കി തൊഴിലാളികൾ സമരംതുടരുന്നതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. പഴയ സ്റ്റാൻഡിലേക്ക് ബസുകൾ മാറ്റുമ്പോൾ മാർക്കറ്റ് റോഡിലെയും മറ്റും ഗതാഗതക്കുരുക്ക് മൂലം തൊഴിലാളികളാണ് ഏറെ പ്രയാസപ്പെടുന്നതെന്നും ഭക്ഷണം കഴിക്കാനോ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനോപോലും പറ്റാത്ത സാഹചര്യമാണെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
പെരുവഴിയിലായി യാത്രക്കാർ
സമരത്തെത്തുടർന്ന് കൊയിലാണ്ടി, പയ്യോളി-പേരാമ്പ്ര, കൊളാവിപ്പാലം, കോട്ടക്കൽ റൂട്ടുകളിൽ യാത്രക്കാർ പെരുവഴിയിലായി. വിദ്യാർഥികളാണ് ഏറെ പ്രയാസപ്പെട്ടത്. വടകരയിൽനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ മാത്രമായിരുന്നു ആശ്രയം. ഇതിൽ പതിവിലധികം തിരക്കനുഭവപ്പെട്ടു. പണിമുടക്കിന് പുറമേ സി.പി.എം. വിപുലീകൃത സംസ്ഥാനകമ്മിറ്റിയുടെ ഭാഗമായുള്ള റാലിയിൽ പങ്കെടുക്കാൻ പ്രവർത്തകരെ ക്കൊണ്ട് കുറെ ബസുകൾ പോയിരുന്നു. ഇതോടെ പൊതുവെ ബസുകൾ കുറവായിരുന്നു. സ്കൂൾ വിട്ടതോടെ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാരാണ് സ്റ്റാൻഡിൽ ബസ് കിട്ടാതെ തലങ്ങും വിലങ്ങും ഓടിയത്.
Published: 16 Sept 2026, 04:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented