കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട ഓട്ടപ്പാലത്ത് ഞായറാഴ്ച രാത്രി കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകകൃഷിനാശം വിതച്ചു.

To advertise here,

വനമേഖലയോട് ചേർന്ന ജനവാസകേന്ദ്രത്തിൽ രാത്രി വൈകിയെത്തിയ ആനക്കൂട്ടം പുലർച്ചെയോടെയാണ് കാടുകയറിയത്.

പ്രദേശവാസികളായ സജി തയ്യുള്ളതിൽ, ബേബി ഓലിക്കൽ, മൊയ്തു കരേച്ചാലിൽ എന്നിവരുടെ അൻപതോളം വാഴകളാണ് ആനകൾ പിഴുതെറിഞ്ഞും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. മാസങ്ങളുടെ അധ്വാനവും വലിയ തുകയും മുടക്കി പരിപാലിച്ച കൃഷിയാണ് നശിച്ചത്.

വന്യമൃഗശല്യത്തിൽനിന്ന് കർഷകരെ രക്ഷിക്കാൻ ആറു മാസം മുൻപ് അപ്പോഴത്തെ കൃഷിവകുപ്പ് മന്ത്രിയായിരുന്ന പി. പ്രസാദ് ഓൺലൈനായി ഉദ്ഘാടനംചെയ്ത 20 കിലോമീറ്റർ ഹാങ്ങിങ് സോളാർ വേലി പദ്ധതി ഇനിയും കടലാസിൽത്തന്നെയാണ്.

കൃഷിവകുപ്പിന്റെ ആർ.കെ.വി.വൈ. ഫണ്ടിൽനിന്ന് 1.60 കോടി രൂപ ചെലവിൽ പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, എട്ട്, ഒൻപത് വാർഡുകളിലൂടെ ഓട്ടപ്പാലം, കാളങ്ങാലി, മണ്ടോപ്പാറ, മുപ്പതാം മൈൽ മേഖലകളിൽ വേലിസ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ടെൻഡർ സെപ്റ്റംബർ പകുതിയോടെ പൂർത്തിയാക്കുമെന്ന് ഡി.എഫ്.ഒ. ഉറപ്പുനൽകിയിരുന്നെങ്കിലും നടപടികൾ ഇഴയുകയാണ്.

ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു

കൃഷിനാശവിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ചെറിയാൻ ജോസഫ് അറക്കൽ, ഡാർളി അബ്രഹാം പുല്ലംകുന്നേൽ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ബിന്ദു കുര്യൻ ആനിക്കാട്ട്, പ്രബീഷ് തളിയോത്ത്, എൻ.ജെ. ആൻസമ്മ, പഞ്ചായത്ത് സെക്രട്ടറി യാദവ് വിൽസൻ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.