48 മണിക്കൂറിനുള്ളിൽ അന്തിമതീരുമാനം

To advertise here,

അതുവരെ പഴയ സ്റ്റാൻഡിൽ നിന്ന് സർവീസ്

വടകര : വടകര ലിങ്ക്റോഡിലെ ബസ് സ്റ്റാൻഡ് പഴയസ്റ്റാൻഡിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് വടകരയിൽ വീണ്ടും ഒരുവിഭാഗം സ്വകാര്യബസുകൾ പണിമുടക്കി. വടകര-കൊയിലാണ്ടി, വടകര-പയ്യോളി-പേരാമ്പ്ര, കോട്ടക്കൽ, കൊളാവിപ്പാലം റൂട്ടുകളിലെ ബസുകളാണ് പണിമുടക്കിയത്. പെട്ടെന്നുള്ള പണിമുടക്ക് യാത്രക്കാരെ വലച്ചു. ഈ വിഷയത്തിൽ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ പണിമുടക്കാണിത്.

വൈകീട്ട് നടന്ന ചർച്ചയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി 48 മണിക്കൂറിനുള്ളിൽ വിളിച്ചുചേർത്ത് ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് റൂറൽ എസ്.പി. മെറിൻ ജോസഫ് ഉറപ്പുനൽകി. വടകരയിലെ ട്രാഫിക്കിനെക്കുറിച്ച് പോലീസ് പരിശോധന നടത്തി കമ്മിറ്റിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഇതുവരെ പഴയസ്റ്റാൻഡിലേക്ക് സർവീസ് മാറ്റണമെന്ന് എസ്.പി. നിർദേശിച്ചു. തൊഴിലാളി യൂണിയൻ പ്രതിനിധികളും ബസ്സുടമകളും ഇത് അംഗീകരിച്ചിട്ടുണ്ട്. രാവിലെ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നു. അത് പരാജയപ്പെട്ടതിനെത്തുടർന്നാണ് എസ്.പി.യുടെ നേതൃത്വത്തിൽ യോഗംചേർന്നത്.

യോഗത്തിൽ എം. ബാലകൃഷ്ണൻ, എ. സതീശൻ, ഇ. നാരായണൻനായർ, വിനോദ് ചെറിയത്ത്, മടപ്പള്ളി മോഹനൻ, പി. സജീവ് കുമാർ, കെ. പ്രകാശൻ, മജീദ് അറക്കിലാട്, ബാബു നരിപ്പറ്റ, ഇ. പ്രദീപ്കുമാർ, ബസ്സുടമകളെ പ്രതിനിധാനംചെയ്‌ത്‌ കുഞ്ഞമ്മദ് സൽവ, എ.പി. ഹരിദാസൻ എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ ബുധനാഴ്ച ബസ് തൊഴിലാളികൾ ഇതേവിഷയത്തിൽ ഈ റൂട്ടിൽ മിന്നൽപ്പണിമുടക്ക് നടത്തിയിരുന്നു. ചർച്ചയില്ലാതെയും മുൻകൂട്ടി അറിയിക്കാതെയും സ്റ്റാൻഡ് മാറ്റുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. 14-നുള്ളിൽ ഇതിൽ അന്തിമ തീരുമാനമുണ്ടാക്കാമെന്ന ധാരണയിലാണ് സമരം തീർന്നത്. ഇതുപ്രകാരം തിങ്കളാഴ്ചമുതൽ എല്ലാ ബസുകളും പഴയ സ്റ്റാൻഡിൽനിന്ന് സർവീസ് നടത്തണമെന്ന് ട്രാഫിക് പോലീസ് ശനിയാഴ്ച അറിയിച്ചു. തീരുമാനം നടപ്പാക്കിയാൽ തൊഴിലാളികൾ പണിമുടക്കാൻ നിർബന്ധിതരാകുമെന്ന് സംയുക്ത തൊഴിലാളിയൂണിയനും വ്യക്തമാക്കി. പോലീസ് തീരുമാനത്തിൽ ഉറച്ചുനിന്നതോടെയാണ് ബസുകൾ തിങ്കളാഴ്ചയും പണിമുടക്കിയത്.

2018 മുതൽ ലിങ്ക്റോഡ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ഈ റൂട്ടിലെ ബസുകളെ വ്യാപാരികളുടെയും മറ്റും ആവശ്യപ്രകാരം കഴിഞ്ഞ ജൂണിൽ പഴയ സ്റ്റാൻഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ദേശീയപാതാ സർവീസ് റോഡ് തകർച്ചയും മാർക്കറ്റ് റോഡിലെ ഗതാഗതക്കുരുക്കുംമൂലം ബസുകൾക്ക് പഴയ സ്റ്റാൻഡിലേക്ക് എത്താൻ കഴിയുന്നില്ലെന്ന പരാതിയെത്തുടർന്ന് കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ലിങ്ക് റോഡിലേക്കുതന്നെ സ്റ്റാൻഡ് മാറ്റി. ഓണം വരെയാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയത്. ഇതിൽ മാറ്റംവരുത്തിയതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

പഴയ ബസ്റ്റാന്റിലേക്ക് ബസുകൾ മാറ്റിയാൽ ഉണ്ടാകുന്ന പ്രയാസങ്ങൾ ചെറുതല്ലെന്നാണ് ബസ് തൊഴിലാളികൾ പറയുന്നത്. മാർക്കറ്റ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരംകാണാതെ കൃത്യമായി സർവീസ് നടത്തുക എളുപ്പമല്ല. അടയ്ക്കാത്തെരു ജങ്ഷനിലും ഇപ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പ്രയാസങ്ങൾ സഹിച്ച് സർവീസ് നടത്തുന്നതിലും നല്ലത് സർവീസ് നിർത്തിവെക്കുന്നതാണ് എന്നാണ് തൊഴിലാളികളുടെ അഭിപ്രായം.