പിന്മാറാൻ കത്തുനൽകി
വടകര : പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ.) പദ്ധതി പ്രകാരം വില്യാപ്പള്ളി, മണിയൂർ പഞ്ചായത്തുകളിൽ അനുവദിച്ച രണ്ട് റോഡ് നവീകരണപദ്ധതികൾ പ്രതിസന്ധിയിൽ. വില്യാപ്പള്ളിയിലെ അമരാവതി-മേമുണ്ട-കീഴൽമുക്ക്-
വായേരിമുക്ക് റോഡ്, മണിയൂരിലെ പുന്നോളിമുക്ക്-ഉല്ലാസ് നഗർ- മീനത്തുകര റോഡ് എന്നിവയുടെ പ്രവൃത്തി തുടരാനാകില്ലെന്ന് കാണിച്ച് കരാറുകാർ പി.എം.ജി.എസ്.വൈ. വിഭാഗത്തിന് കത്തുനൽകി.
രണ്ട് പ്രവൃത്തികളും ഏറെ വൈകിയതിനാലും ടാർ ഉൾപ്പെടെയുള്ളവയ്ക്ക് വലിയതോതിൽ വിലകൂടിയതിനാലും പഴയ എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തി നടത്താൻ കഴിയില്ലെന്നാണ് കരാറുകാരുടെ വാദം. 2018-ലെ നിരക്ക് പ്രകാരമുള്ള എസ്റ്റിമേറ്റിലാണ് പ്രവൃത്തി ടെൻഡർ ചെയ്തത്. അതിനുശേഷം പുതിയ നിരക്ക് വന്നു. മാത്രമല്ല, അടുത്തിടെ ബിറ്റുമിന് വിലകൂടി. ഇതുപ്രകാരം പ്രവൃത്തി നടത്തിയാൽ വലിയ നഷ്ടമാണ് സംഭവിക്കുകയെന്ന് ചൂണ്ടിക്കാട്ടിയാണ് കരാറുകാർ പിന്മാറൽ കത്തുനൽകിയത്.
ഇവരുമായി ചർച്ചനടത്തി പ്രവൃത്തി ചെയ്യിക്കാൻ വില്യാപ്പള്ളി, മണിയൂർ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം ഷാഫി പറമ്പിൽ എം.പി.യുടെ സാന്നിധ്യത്തിൽ ചർച്ച നടന്നു. എം.പി. കരാറുകാരെ വിളിച്ച് സംസാരിക്കുകയും ചെയ്തു. രണ്ട് പ്രവൃത്തികളും കരാറെടുത്തത് കണ്ണൂരിലെ കെ.കെ. കൺസ്ട്രക്‌ഷൻസാണ്.
എങ്ങുമെത്താതെ പ്രവൃത്തി
2023-ൽ തുടങ്ങി 2024-ൽ പൂർത്തിയാക്കേണ്ട പദ്ധതികളാണ് രണ്ടും. അമരാവതി-മേമുണ്ട- കീഴൽമുക്ക്-വായേരിമുക്ക് റോഡ് 6.1 കിലോമീറ്റർ നീളത്തിലും എട്ട് മീറ്റർ വീതിയിലുമാണ് നവീകരിക്കേണ്ടത്. 6.17 കോടി രൂപയാണ് അനുവദിച്ചത്. ഇത്രയും കാലമായിട്ടും അഞ്ച് കലുങ്കുകളുടെ നിർമാണമാണ് നടന്നത്. അതും പൂർത്തിയായിട്ടില്ല. ഈ പ്രവൃത്തി പൂർത്തിയാക്കാൻ ഇപ്പോൾ തിരക്കിട്ട നീക്കം നടക്കുന്നുണ്ട്. എട്ട് മീറ്റർ വീതിയിൽ സ്ഥലം വിട്ടുകിട്ടാത്തതാണ് ഇവിടെ പ്രതിസന്ധിയായത്.
ഇതിനിടെ ജൽജീവൻ മിഷന്റെ ഭാഗമായുള്ള പൈപ്പിടലും പ്രതിസന്ധി തീർത്തു. ഇപ്പോഴും പൈപ്പിടൽ ഇവിടെ പൂർത്തിയായിട്ടില്ല. ഇത് പൂർത്തിയായി റോഡ് പുനരുദ്ധരിച്ചശേഷം മാത്രമേ റോഡ് നവീകരണം തുടങ്ങാനാകൂ. റോഡ് പുനരുദ്ധാരണത്തിനുള്ള ഫണ്ട് ജല അതോറിറ്റി അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല. കാൽനടയാത്രപോലും അസാധ്യമായ വിധത്തിൽ ഈ റോഡ് തകർന്നതോടെ ഗതാഗതം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
പുന്നോളിമുക്ക്-ഉല്ലാസ് നഗർ റോഡ് 7.5 കിലോമീറ്ററിലാണ് നവീകരിക്കേണ്ടത്. അനുവദിച്ചത് 7.40 കോടി രൂപ. 2023-ൽ തന്നെ ഈ റോഡിന്റെ പ്രവൃത്തി തുടങ്ങി. കോൺക്രീറ്റ് പ്രവൃത്തി ഏതാണ്ട് പൂർത്തിയായി. കലുങ്കുകൾ, ഓവുചാലുകൾ തുടങ്ങിയവയാണ് നിർമിച്ചത്. റോഡ് പ്രവൃത്തിക്ക് ഇവിടെയും തടസ്സമായത് ജൽജീവൻ മിഷന്റെ പൈപ്പിടലാണ്. പൈപ്പിട്ട ശേഷം റോഡ് പുനരുദ്ധരിക്കാനുള്ള ഫണ്ട് ജല അതോറിറ്റിയിൽനിന്ന് കിട്ടാൻ വൈകി. ഇതോടെ റോഡ് നവീകരണവും നിലച്ചു. ഈ വർഷമാണ് ഫണ്ട് കിട്ടിയത്. തുടർന്ന് റോഡ് പുനരുദ്ധരിക്കുന്ന പ്രവൃത്തി തുടങ്ങിയ വേളയിലാണ് ടാർവില കൂടിയതും പ്രവൃത്തി നിലച്ചതും. കൂടിയ നിരക്കുപ്രകാരം ടാർ കിട്ടാൻ ശ്രമംനടത്തിയെങ്കിലും പഴയ പ്രവൃത്തിയായതിനാൽ ഫലംകണ്ടില്ല.ഈ റോഡിലും യാത്ര അതീവദുസ്സഹമാണ്. നവീകരണം തുടങ്ങിയശേഷമാണ് റോഡ് ഗതാഗതയോഗ്യമല്ലാതായത്. പാതിവഴിയിൽവെച്ച് പ്രവൃത്തിയിൽനിന്ന് കരാറുകാർ പിന്മാറുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്.
Published: 16 Sept 2026, 04:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented