മുക്കം: പുതുതലമുറയുടെ വേഗവും കരുത്തും മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയ്ക്കൊരുങ്ങി എൻ.ഐ.ടി. മൈതാനം. കായികമേളയിലെ അത്‌ലറ്റിക്സ് മത്സരങ്ങൾക്കു വേദിയാകുന്ന എൻ.ഐ.ടി. മൈതാനത്തെ 'ബ്രാൻഡ് ന്യൂ' സിന്തറ്റിക് ട്രാക്കിന്റെ മിനുക്ക് പണികൾ അന്തിമഘട്ടത്തിലാണ്.

To advertise here,

അന്താരാഷ്ട്ര ഒളിംപിക്സ് മാനദണ്ഡം പാലിച്ചാണ് സിന്തറ്റിക് ട്രാക്ക്, ജംപിങ് പിറ്റ് എന്നിവ നിർമിച്ചിരിക്കുന്നത്. 400 മീറ്റർ നീളമുള്ള സിന്തറ്റിക് ട്രാക്കിൽ എട്ട് ട്രാക്കുകളുണ്ട്. ലോങ് ജംപ്, ഹൈജംപ് പിറ്റുകളുടെ നിർമാണം പൂർത്തിയായി.

സിന്തറ്റിക് ട്രാക്കിന് നടുവിൽ ഫിഫയുടെ മാനണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ഇലവൻസ് ഫുട്ബോൾ മൈതാനവുമുണ്ട്. ട്രാക്കിലും ഫീൽഡിലും മികവു തെളിയിക്കാനുള്ള ഒരുക്കത്തിലാണ് താരങ്ങൾ. 8.9 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ മൈതാനത്ത് ഗാലറിയും വി.ഐ.പി. മുറികളും സ്റ്റോറേജ് സൗകര്യവും ശൗചാലയവുമുണ്ട്‌. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ടെക് കമ്പനിക്കാണ് നിർമാണച്ചുമതല.

പുതിയ സിന്തറ്റിക് ട്രാക് നിർമിച്ച മൈതാനത്താണ് മുൻപ് വിശിഷ്ടാതിഥികളുമായി ഹെലികോപ്റ്ററുകൾ വന്നിറങ്ങിയിരുന്നത്. 11 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കോഴിക്കോട് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആതിഥ്യമരുളുന്നത്. മൈതാനത്തെ ഗാലറിക്ക് 1500 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. കായികമേളയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി താത്കാലിക ഗാലറിയും നിർമിക്കുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന കായികതാരങ്ങൾക്ക് താമസത്തിനും പരിശീലനത്തിനും സൗകര്യമൊരുക്കാൻ എൻ.ഐ.ടി. മൈതാനത്തിന് പത്തുകിലോമീറ്റർ പരിധിക്കുള്ളിലുള്ള സ്കൂളുകൾ എറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

മൈതാനത്തിന്റെ ഉദ്ഘാടനത്തിനുശേഷമായിരിക്കും കായിക മാമാങ്കത്തിനായി മൈതാനം കൈമാറുക. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ സെപ്റ്റംബർ 20-ന് മൈതാനം ഔദ്യോഗികമായി ഉദ്ഘാടനംചെയ്യും. എൻ.ഐ.ടി. കാമ്പസിനകത്ത് നിർമാണം പൂർത്തിയാക്കിയ രണ്ട് ബാസ്കറ്റ് ബോൾ കോർട്ടുകളും മന്ത്രി ഉദ്ഘാടനംചെയ്യും.

സിന്തറ്റിക് ട്രാക്കിന് സമീപത്തെ എൻ.ഐ.ടിയുടെ ക്രിക്കറ്റ് മൈതാനം നവീകരിക്കാനും പദ്ധതിയുണ്ട്. രണ്ട് പിച്ചുകളുള്ള ഈ പരിസ്ഥിതി സൗഹൃദ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നവീകരണത്തിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ച് കഴിഞ്ഞു. അടുത്തിടെ രഞ്ജി ട്രോഫി ജൂനിയർവിഭാഗം മത്സരങ്ങൾ നടന്നത് ഇവിടെയായിരുന്നു.

വരുന്നൂ, ഇൻഡോർകോർട്ട് കോംപ്ലക്സ്

കായികമേഖലയുടെ സമഗ്രവികസനത്തിന് വഴിയൊരുക്കുന്ന പദ്ധതികളാണ് എൻ.ഐ.ടിയിൽ ഒരുങ്ങുന്നത്. വോളിബോൾ, ബാസ്കറ്റ് ബോൾ, കബഡി, ബാഡ്മിൻറൺ, യോഗ തുടങ്ങിയവയ്ക്ക് ആധുനിക സംവിധാനത്തിൽ കോർട്ട് ഒരുക്കുന്ന

ഇൻഡോർ കോർട്ട് കോംപ്ലക്സ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. 43 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഇൻഡോർ കോർട്ട് കോംപ്ലക്സിൽ കോർട്ടുകൾക്കു പുറമേ, കോൺഫറൻസ് ഹാൾ, വി.ഐ.പി. റൂം എന്നിവയുമുണ്ടാകും. നൂറു മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലുമായിരിക്കും ഇൻഡോർ കോർട്ട് കോംപ്ലക്സിന്റെ നിർമാണം.