കൊയിലാണ്ടി : കൊല്ലം കുന്ന്യോറമല വഴി ബൈപ്പാസിലൂടെ വാഹനമോടിക്കുന്നതിന് വിലക്ക്. കുന്ന്യോറമല ഭാഗത്ത് ആറുവരിപ്പാത നിർമാണം നടക്കുന്നതിനാലാണ് ഗതാഗതം തടഞ്ഞത്.
യാത്രാവിലക്ക് അറിയാതെ ചെങ്ങോട്ടുകാവിൽനിന്നും നന്തിയിൽനിന്നും ബൈപ്പാസ് വഴി വരുന്ന വാഹനങ്ങൾ കൊല്ലത്തെത്തുമ്പോൾ മാത്രമാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയകാര്യം അറിയുന്നുള്ളൂ. അതുകൊണ്ട് കാറും ഇരുചക്രവാഹനങ്ങളും പന്തലായനി ഗവ. എച്ച്.എസ്.എസിന് സമീപത്തെ ഇടുങ്ങിയ റോഡ് വഴിയാണ് പോകുന്നത്. ഈ റോഡിന് വീതിയില്ലാത്തതിനാൽ മറുവശത്തുനിന്ന് വാഹനങ്ങൾ വരുമ്പോൾ കുടുങ്ങും.
റോഡ് പണി തീരുംവരെ നിലവിലുള്ള ഹൈവേതന്നെ ഗതാഗതത്തിന് ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. പന്തലായനിക്കും കുന്ന്യോറമലയ്ക്കും ഇടയിലുള്ള സ്ഥലത്താണ് മണ്ണിട്ടുയർത്തിക്കൊണ്ടിരിക്കുന്നത്.
നഗരസഭയിലെ പന്തലായനി നോർത്ത് വഴി കടന്നുപോകുന്ന പന്തലായനി-വിയ്യൂർ-നെല്യാടി റോഡ് നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് വന്നതോടെ അടച്ചിരിക്കുകയാണ്. ഇവിടെ യാത്രക്കാർക്ക് കടന്നുപോകാൻ അടിപ്പാത അനുവദിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇക്കാര്യത്തിൽ തീരുമാനമാകാത്തതാണ് റോഡ് പണി ഈ ഭാഗത്ത് മന്ദഗതിയിലാകാൻ ഒരു കാരണം. ഇവിടെ അടിപ്പാത നിർമിക്കുന്നതിനോട് ദേശീയപാതാ അധികൃതർക്കും എതിർപ്പൊന്നുമില്ല. എൻ.എച്ച്.എ.ഐ. കൊയിലാണ്ടി ടൗണിനെയും റെയിൽവേ സ്റ്റേഷനെയും വിയ്യൂർ, കീഴരിയൂർ, മേപ്പയ്യൂർ, പെരുവട്ടൂർ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതയാണ് ബൈപ്പാസ് വന്നതോടെ തടസ്സപ്പെട്ടത്. പന്തലായനി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, പന്തലായനി യു.പി. സ്കൂൾ, നഴ്‌സറി സ്കൂളുകൾ, ആരാധനാലയങ്ങൾ, റേഷൻകടകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രയ്ക്കായി ജനങ്ങൾ കാലങ്ങളായി ഈ റോഡ് ഉപയോഗിച്ചുവരുകയായിരുന്നു. റോഡ് കെട്ടിയടച്ചതോടെ പ്രദേശവാസികളുടെ യാത്ര ബുദ്ധിമുട്ടായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഇരുവശത്തുമുള്ള സർവീസ്റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതരത്തിൽ സ്ഥലത്ത് അണ്ടർപാസ് അനുവദിക്കണമെന്നാണ് ആവശ്യം. കളക്ടർക്ക് ഇക്കാര്യമുന്നയിച്ച് നിവേദനം നൽകിയിട്ടുണ്ട്.
Published: 16 Sept 2026, 04:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented