തുറക്കാതെ ഉയരപ്പാതയ്ക്ക് അടിയിലെ റോഡ്
എല്ലാ വാഹനങ്ങളും അടയ്ക്കാത്തെരു വഴി
ഗതാഗതക്കുരുക്ക് രൂക്ഷം
വടകര : വടകര ബൈപ്പാസിൽ അടയ്ക്കാത്തെരു-ലിങ്ക് റോഡ് ജങ്ഷനുകളെ ബന്ധിപ്പിക്കാനുള്ള പാലം നിർമാണത്തിനായി ആശുപത്രി റോഡിലേക്ക് യു ടേൺ എടുത്ത് കയറാനുള്ള റോഡ് അടച്ചു. ഇതോടെ ജില്ലാ ആശുപത്രി, മേമുണ്ട, വില്യാപ്പള്ളി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾക്ക് അടയ്ക്കാത്തെരു വഴി മാത്രമായി ആശ്രയം. ഇവിടെയാകട്ടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. റോഡ് അടയ്ക്കുമ്പോൾ ലിങ്ക് റോഡ് ജങ്ഷനിലെ ഉയരപ്പാതയുടെ അടിവശത്തുകൂടി ആശുപത്രി റോഡിലേക്ക് വഴിയൊരുക്കുമെന്ന് പറഞ്ഞെങ്കിലും ഇത് നടപ്പായിട്ടില്ല.
നിർമാണം പൂർത്തിയായ ഉയരപ്പാതയുടെ അടിവശത്ത് അട്ടിയിട്ട കോൺക്രീറ്റ് പാനൽ എടുത്തുമാറ്റിയാൽ എളുപ്പം ഇതുവഴി ജില്ലാ ആശുപത്രി റോഡിലേക്ക് കയറാം. ഒരുമാസം മുൻപ് കളക്ടറുടെയും കെ.കെ. രമ എം.എൽ.എ.യുടെയും സാന്നിധ്യത്തിൽ വടകരയിൽ ചേർന്ന യോഗത്തിൽ ഇവിടത്തെ പാനലുകൾ എടുത്തുമാറ്റി വഴിയൊരുക്കാൻ തീരുമാനിച്ചിരുന്നു.
ഇത്രയും നാൾ ലിങ്ക് റോഡിൽനിന്ന് വരുന്ന വാഹനങ്ങൾക്കും മറ്റും ജില്ലാ ആശുപത്രി റോഡിലേക്ക് കടക്കാൻ യു ടേൺ എടുത്താണെങ്കിലും ഒരു വഴി ഉണ്ടായിരുന്നു. ഇതാണ് പൈലിങ് തുടങ്ങുന്നതിനായി തിങ്കളാഴ്ച വൈകീട്ട് മുന്നറിയിപ്പില്ലാതെ അടച്ചത്. ഇതോടെ വില്യാപ്പള്ളി, മേമുണ്ട, ജില്ലാ ആശുപത്രി, ചെറുശ്ശേരി റോഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ബൈപ്പാസിലെ സർവീസ് റോഡ് വഴി അടയ്ക്കാത്തെരു ജങ്ഷനിലെത്തി വേണം പോകാൻ.
പൊതുവേ തിരക്കുള്ള റോഡാണിത്. എല്ലാ വാഹനങ്ങളും ഇതുവഴി വരാൻതുടങ്ങിയതോടെ അടക്കായ്ത്തെരുവിലും പരിസരത്തും ഏതാണ്ട് മുഴുവൻസമയവും ഗതാഗതക്കുരുക്കാണ്. ജില്ലാ ആശുപത്രി, മേമുണ്ട ഭാഗത്തുനിന്നും വടകര പഴയ സ്റ്റാൻഡ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ നേരത്തേ അടയ്ക്കാത്തെരു ജങ്ഷൻ എത്തുംമുൻപേ ഇടത്തേക്കുള്ള റോഡ് വഴി ബൈപ്പാസിലേക്ക് കടന്നിരുന്നു. യു ടേൺ എടുത്താൽ മറുവശത്തെ റോഡിലെത്തി പഴയ സ്റ്റാൻഡ് റോഡിലേക്ക് പോകാം.
യു ടേൺ എടുക്കുന്ന റോഡ് അടച്ചതോടെ ഈ സൗകര്യം ഇല്ലാതായി. ഇതോടെ വടകരയിലേക്ക് വരുന്നതും തിരിച്ചുപോകുന്നതുമായ എല്ലാ വാഹനങ്ങളും അടയ്ക്കാത്തെരു വഴിതന്നെ വരണം. ഇതാണ് വലിയ ഗതാഗതക്കുരുക്കുണ്ടാക്കുന്നത്. അടയ്ക്കാത്തെരു കൊപ്രവ്യാപാരകേന്ദ്രമാണ്. ഇവിടെ ചരക്കിറക്കാനും കയറ്റാനും മിക്കസമയവും റോഡിൽ ലോറിയുണ്ടാകും. ഇതിനിടെയാണ് വില്യാപ്പള്ളി, മേമുണ്ട റൂട്ടിലെ ഒരുവിധം എല്ലാ വാഹനങ്ങളും ഇതുവഴി വരാൻ തുടങ്ങിയത്.
ലിങ്ക് റോഡ് ജങ്ഷനിലെ ഉയരപ്പാതയ്ക്ക് അടിയിലൂടെ ആശുപത്രി റോഡിലേക്ക് വഴിയൊരുക്കിയാൽ കുറെ വാഹനങ്ങൾക്ക് അടയ്ക്കാത്തെരുവിലേക്ക് വരാതെ പോകാനാകും. ബസുകൾ വരെ നേരത്തേ ഇതുവഴി പോയിരുന്നു. കോൺക്രീറ്റ് പാനലുകൾ എടുത്തുമാറ്റി ഇവിടെ വഴിയൊരുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
Published: 09 Sept 2026, 04:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented