കെട്ടിടങ്ങൾ പൊളിക്കുന്നതിൽ അനിശ്ചിതത്വം
മമ്പാട് : സംസ്ഥാന സർക്കാർ ബജറ്റിൽ ഒരുകോടി രൂപ അനുവദിച്ച് നടപ്പാക്കുന്ന മമ്പാട് അങ്ങാടി നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു. ഏഴുമാസം മുൻപ് തുടങ്ങിയ പണികൾ ഇതുവരെ പൂർത്തിയാക്കാനായില്ല. മാസങ്ങളായി പ്രവൃത്തികൾ പൂർണമായും മുടങ്ങിയ നിലയിലാണ്.
പാതയോരംചേർന്ന് ചില ഭാഗങ്ങളിൽ കട്ടവിരിക്കലും ചിലയിടങ്ങളിൽ നടപ്പാത നവീകരിക്കലുമാണ് ഇതിനകം നടത്തിയത്.
ഈ പ്രവൃത്തി പൂർത്തിയായ ഇടങ്ങളിൽ നടപ്പാതകളിൽ ടൈൽ പതിക്കൽ പ്രവൃത്തി ബാക്കിയുണ്ട്. അതേസമയം മഴയായതാണ് ഇടക്കാലത്ത് പ്രവൃത്തി മുടങ്ങാൻ കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.അങ്ങാടിയിൽ പലയിടത്തും പ്രവൃത്തി തുടങ്ങിയിട്ടുപോലുമില്ല. പാത വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി അങ്ങാടിയുടെ മധ്യേ ആറു കെട്ടിടങ്ങളുടെ ഭാഗങ്ങൾ പൊളിച്ചുനീക്കേണ്ടതുണ്ട്. എന്നാൽ ഇതിലുള്ള അനിശ്ചിതത്വം നീങ്ങിയില്ല.
കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള ചെലവ് പഞ്ചായത്തോ പൊതുമരാമത്തുവകുപ്പോ വഹിക്കണമെന്നാണ് ഉടമകളുടെ നിലപാട്. എന്നാൽ ടെൻഡർചെയ്തു പ്രവൃത്തി തുടങ്ങിയ പദ്ധതിയിൽ കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി ഉൾപ്പെട്ടിട്ടില്ലെന്ന് അധികൃതർ പറയുന്നു.
അനിശ്ചിതത്വംനീക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. പുള്ളിപ്പാടം വില്ലേജ് ഓഫീസ് പരിസരം മുതൽ പഴയങ്ങാടി പാലം വരെയാണ് നവീകരണപദ്ധതിയിലുള്ളത്.
പാത നവീകരിക്കുന്നതിന്റെ ഭാഗമായി നേരത്തേ മണ്ഡലം എം.എൽ.എ. എ.പി. അനിൽകുമാർ അധികൃതരെ വിളിച്ചുകൂട്ടി യോഗം ചേർന്നിരുന്നു. നടപടികൾ വേഗത്തിലാക്കാനും അദ്ദേഹം നിർദേശിച്ചിരുന്നു. അങ്ങാടിയിൽ 700 മീറ്റർ നീളത്തിലാണ് നവീകരണപദ്ധതിയുള്ളത്. പൊതുമരാമത്തുവകുപ്പിനാണ് ചുമതല.
അസൗകര്യങ്ങളിൽ വീർപ്പുമുട്ടി അങ്ങാടി
അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുകയാണ് മമ്പാട് അങ്ങാടി. ഗതാഗതക്കുരുക്ക് രൂക്ഷമായ ഇവിടെ കാൽനടയാത്രയും ഏറെ ദുഷ്‌കരമാണ്. അങ്ങാടിയുടെ ശോച്യാവസ്ഥ സംബന്ധിച്ച് നേരത്തേ മാതൃഭൂമി വാർത്ത നൽകിയിരുന്നു. ബസ് കാത്തിരിപ്പുകേന്ദ്രവും ബസ് സ്റ്റാൻഡുമില്ലാത്തതും വാർത്ത നൽകിയിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പുവേളയിൽ രാഷ്ട്രീയപ്പാർട്ടികൾ ഈ വിഷയങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
എടവണ്ണ, നിലമ്പൂർ തുടങ്ങി സമീപപ്രദേശങ്ങളിലെ അങ്ങാടികളെല്ലാം നവീകരിച്ചെങ്കിലും മമ്പാട് അങ്ങാടിക്ക് ശാപമോക്ഷമായിട്ടില്ല. മമ്പാട് അങ്ങാടിയിലെ അസൗകര്യങ്ങൾ കാരണം ഉൾപ്രദേശങ്ങളിലുള്ളവർ മറ്റ് അങ്ങാടികളെ ആശ്രയിക്കുന്ന സാഹചര്യവുമുണ്ട്. വ്യാപാരികൾ ഉൾപ്പെടെയുള്ളവരെ ഇത് വല്ലാതെ ബാധിക്കുന്നതായി നാട്ടുകാർ പറയുന്നു.
അങ്ങാടിയുടെ ഇരുവശങ്ങളും കവലയോടുചേർന്ന പാതകളും കാലാനുസൃതമായി വീതികൂട്ടി നവീകരിക്കാനുള്ള ശ്രമങ്ങളും ചർച്ചകളും തുടരണമെന്നും നിലവിലെ പ്രവൃത്തിയിലെ അനിശ്ചിതത്വം നീക്കാൻ വേഗതയുള്ള നടപടികൾ വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Published: 10 Sept 2026, 04:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented