കോഴിക്കോട്: മന്തുരോഗികളെ സമൂഹം അകറ്റിനിർത്തിയിരുന്ന കാലത്ത്, ലക്ഷദ്വീപിൽ രോഗം പടർന്നപ്പോൾ അതിന് പ്രതിരോധം തീർക്കാൻ മുന്നിൽനിന്ന വ്യക്തിത്വമാണ് ചൊവ്വാഴ്ച അന്തരിച്ച സാമൂതിരി രാജാവ് പി.കെ. കേരളവർമ. അന്ന്, ഇന്ത്യയിലെ ആദ്യകാല ഫാർമക്കോളജിസ്റ്റുകളിലൊരാളായ കേരളവർമ കേന്ദ്രസർക്കാർ സഹകരണത്തോടെ ഈ വിഷയത്തിൽ ഗവേഷണം നടത്തി. റിസർച്ച് പേപ്പറിന് അംഗീകാരവും ലഭിച്ചു.

To advertise here,

ലക്ഷദ്വീപിലേക്ക് കയറ്റിയയക്കുന്ന ഉപ്പിൽ മന്തിനുള്ള മരുന്ന് കലർത്താൻ തീരുമാനം വന്നു. അങ്ങനെ സംസ്ഥാനസർക്കാരിന്റെ ഫൈലേറിയാസിസ് റിസർച്ച് സെന്ററുമായി ചേർന്ന് മരുന്നുകലർത്തിയ ഉപ്പ് കേരളവർമയുടെ നേതൃത്വത്തിൽ ലക്ഷദ്വീപിലെത്തിച്ചു. ഉപ്പ് അകത്തുചെല്ലുന്നതോടെ മന്തിനെതിരേ പ്രതിരോധം കൈവരും. ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരുടെ അംഗീകാരം നേടിയ ആ തീരുമാനത്തിന് ഫലമുണ്ടായി. ലക്ഷദ്വീപിൽ മന്ത് വ്യാപിക്കുന്നത് നിയന്ത്രിക്കാനായി. അങ്ങനെ അദ്ദേഹം ഫാർമക്കോളജി മേഖലയിൽ എല്ലാവരും അറിയുന്ന കോഴിക്കോട്ടുകാരനായി.

സാമൂതിരി കോളേജിൽനിന്ന് ഇൻറർമീഡിയറ്റ് പൂർത്തിയാക്കിയ കേരളവർമ, അഹമ്മദാബാദിലെ എൽ.എം. ഫാർമസി കോളേജിൽ ഫാർമസി ബിരുദം ആരംഭിച്ച കാലത്താണ് പഠിച്ചിറങ്ങിയത്. മുംബൈയിലെ ജർമൻ റെമഡീസിന്റെ ഫാക്ടറിയിൽ ജോലിചെയ്തശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫാർമസി വിഭാഗത്തിൽ നോൺ മെഡിക്കൽ ട്യൂട്ടറായി രണ്ടുവർഷം പ്രവർത്തിച്ചു.

തുടർന്നാണ് ‘നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ്’ വെസ്റ്റ്ഹിൽ വ്യവസായ എസ്റ്റേറ്റിൽ ആരംഭിച്ചത്. കുടുംബക്ഷേത്രത്തിന്റെ പേരായിരുന്നു അത്. പിന്നീടിത് ബേപ്പൂർ നടുവട്ടത്തേക്ക് മാറ്റിസ്ഥാപിച്ചു. ലക്ഷദ്വീപിലേക്ക് മരുന്നുകലർന്ന ഉപ്പെത്തിച്ചതോടെ സ്ഥാപനം ലോകശ്രദ്ധനേടി.

അറേബ്യൻ മരുഭൂമികളിലെ തൊഴിലാളികൾക്ക് നിർജലീകരണംമൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനുള്ള എസൻഷ്യൽ അയേണുകൾ ഉൾപ്പെടുത്തിയ സ്ലോ റിലീസ് ടാബ്‌ലറ്റുകൾ രാജ്യത്തുനിന്ന് ആദ്യം കയറ്റിയയക്കുന്നതും അദ്ദേഹമാണ്.

“അക്കാലത്ത് കേരളത്തിലേക്കുള്ള മരുന്നുകളെല്ലാം പുറത്തുനിന്ന് എത്തിക്കുകയായിരുന്നു. ഇതിനെല്ലാം നിലവാരം കുറവായിരുന്നു” -സ്വന്തമായി കമ്പനി തുടങ്ങാനുള്ള കാരണം ഒരിക്കൽ അദ്ദേഹം വ്യക്തമാക്കിയതിങ്ങനെ. എക്സ്‌ക്ലൂസീവായ കുറേ മരുന്നുകളും അവിടെ അദ്ദേഹം ഉണ്ടാക്കി.

അംഗീകാരങ്ങളും തേടിയെത്തി

മുൻ രാഷ്ട്രപതിയും അന്നത്തെ പ്ലാനിങ് കമ്മിഷൻ അംഗവുമായിരുന്ന ആർ. വെങ്കിട്ടരാമൻ നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ് സന്ദർശിച്ചിരുന്നു. കോഴിക്കോട്ടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മാനുഫാക്ചേഴ്‌സസ് അസോസിയേഷൻ പ്രസിഡന്റായും ചെറുകിടവ്യവസായ അസോസിയേഷൻ എക്സിക്യുട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച എക്സ്‌പോർട്ടർക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവാർഡും കേരളവർമയെ തേടിയെത്തി.

ഓസ്‌ട്രേലിയ ഉൾപ്പെടെ ഒൻപത് രാജ്യങ്ങളിലേക്ക് വ്യവസായവികസനസാധ്യതകൾ പരിശോധിക്കാൻ കേന്ദ്ര എക്സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ നിശ്ചയിച്ച സമിതിയിൽ അംഗമായിരുന്നു. 2000-ത്തിൽ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു. കോട്ടയ്ക്കൽ ആര്യവൈദ്യശാല, ഔഷധി, വൈദ്യമഠം എന്നീ സ്ഥാപനങ്ങളുടെ ഫാർമക്കോളജി ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.