കോഴിക്കോട്: റെയിൽവേയുടെ നാലാംഗേറ്റ് കടക്കണമെങ്കിൽ യാത്രക്കാർ അഭ്യാസം പഠിക്കണം. കുഴി ചാടിച്ചാടിയുള്ള യാത്ര ഏതൊരു വിദഗ്ധ െെഡ്രവറുടെയും ക്ഷമ പരീക്ഷിക്കും. ഇരുചക്രവാഹനങ്ങളാണെങ്കിൽ വീണുപോയേക്കാം. കാറിലാണെങ്കിൽ വാഹനത്തിന്റെ അടിയും തട്ടും. കാലങ്ങളായി ഈ റോഡ് ഇങ്ങനെയാണ്.
റെയിൽവേ നിർമിച്ച ഹംപ് കഴിഞ്ഞാൽ വാഹനങ്ങൾ നേരേ ചാടുന്നത് വലിയ കുഴികളിലേക്കാണ്. ഗ്രൗണ്ട് ക്ളിയറൻസ് കുറവുള്ള കാറുകളുടെ അടിഭാഗം തട്ടുമെന്ന് തീർച്ച. കേടുപാടുകൾ സംഭവിക്കുന്നത് നിത്യസംഭവമാണെന്ന് ചുറ്റുവട്ടത്തുള്ളവർ പറയുന്നു. വൈ.എം.സി.എ. കഴിഞ്ഞുള്ള ജങ്ഷനിൽനിന്ന് ലെവൽക്രോസ് ഭാഗത്തേക്കുവരുന്ന പി.ടി. ഉഷ റോഡിന്റെ കാര്യവും പരിതാപകരംതന്നെ. അമലാപുരി പള്ളി കഴിഞ്ഞുവരുമ്പോൾ വീണ്ടും ബ്ലോക്കിൽപ്പെടുന്നത് ഇവിടത്തെ പതിവുകാഴ്ചയാണ്. തിരക്കുള്ള സമയങ്ങളിൽ ഇരുചക്രവാഹനങ്ങൾ പലപ്പോഴും റോഡിലെ വൻകുഴികളിൽ കുടുങ്ങാറുണ്ട്. അത്തരത്തിൽ വലിയ അപകടങ്ങൾ തലനാരിഴയിടയ്ക്ക് മാറിപ്പോയതായും പ്രദേശവാസികൾ പറയുന്നു. ഇവിടെ റോഡ് നവീകരണം നടന്നിട്ട് ഏഴുവർഷത്തിലധികമായി. കോർപ്പറേഷനാണോ, റെയിൽവേയ്ക്കാണോ റോഡിന്റെ ഉത്തവാദിത്വമെന്നത് ഉത്തരംകിട്ടാത്ത ചോദ്യം.
റെയിൽവേ ഗേറ്റ് ഓരോതവണ തുറക്കുമ്പോഴും പലഭാഗങ്ങളിൽനിന്ന് ക്രമംതെറ്റിവരുന്ന വാഹനങ്ങൾ, കൃത്യമായ ട്രാഫിക് സംവിധാനം ഇല്ലാത്തതുകൊണ്ടുതന്നെ കുരുക്കിനെ വീണ്ടും മുറുക്കുന്നു. ദിവസവും അഞ്ഞൂറിലധികം വാഹനങ്ങളാണ് റെയിൽവേ ഗേറ്റ് കടന്നുപോകുന്നത്. തിരഞ്ഞെടുപ്പ് സമയങ്ങളിൽ രാഷ്ട്രീയകക്ഷികൾ നാലാംഗേറ്റിന്റെ ദുരവസ്ഥ ചർച്ചാവിഷയമാക്കാറുണ്ടെങ്കിലും, ഒരുകാലത്തും പരിഹാരം കണ്ടെത്തിയിട്ടില്ലെന്ന് സമീപവാസികൾ പറയുന്നു. മഴസമയങ്ങളിൽ ഇതുവഴിയുള്ള യാത്ര അതികഠിനമാണ്. അരവിന്ദഘോഷ് റോഡിൽനിന്നും ഗാന്ധിറോഡിൽനിന്നും വരുന്ന വാഹനങ്ങളും പി.ടി. ഉഷ റോഡിൽനിന്നുള്ളവയും നേർക്കുനേർ എത്തുമ്പോൾ അപകടസാധ്യതയും ഏറെയാണ്. വീതികുറഞ്ഞ നിരത്തായതുകൊണ്ടുതന്നെ ഗേറ്റ് അടയുമ്പോൾ നേരേ പോകാനുള്ള വാഹനങ്ങൾക്ക് സ്ഥലംകിട്ടാതെവരാറുണ്ട്.
ഇത് പലപ്പോഴും വാക്‌തർക്കത്തിലേക്കും മാറും. കാൽനടയാത്രക്കാർക്കും ദുരിതമാണ് ഇതുവഴിയുള്ള യാത്ര. റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃതമായ പാർക്കിങ്ങാണ് ഇവിടത്തെ മറ്റൊരു പ്രശ്നം.
രാത്രി തുറക്കാത്ത രണ്ടാംഗേറ്റ്
വലിയങ്ങാടി, മിഠായിത്തെരുവ്, ബീച്ച്, മത്സ്യമാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് എത്താൻ ഏറ്റവും എളുപ്പം രണ്ടാംഗേറ്റ് വഴിയുള്ള മാർഗമാണ്. എന്നാൽ, ഇതുവഴിയുള്ള വാഹനയാത്രകൾ രാത്രി പത്താകുമ്പോൾ അവസാനിക്കും. പത്തുമുതൽ രാവിലെ ആറുവരെയാണ് രണ്ടാംഗേറ്റ് അടച്ചിടുന്നത്. ഇക്കാര്യമറിയാതെ പലപ്പോഴും വാഹനയാത്രികർ ഗേറ്റിനുമുന്നിൽ, തുറക്കുമെന്നുകരുതി കാത്തുനിൽക്കുന്നതും കാണാം. ഇതുസംബന്ധിച്ച സൂചനാബോർഡ് പൊതുജനങ്ങൾ ശ്രദ്ധിക്കുന്നതരത്തിലല്ല സ്ഥാപിച്ചിരിക്കുന്നത്.
Published: 09 Sept 2026, 04:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented