മുക്കം : മാലിന്യമെന്നുകരുതി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് ആനയെ നിർമിച്ച് മുക്കം നഗരസഭ. മുക്കം നഗരസഭയുടെ സമ്പൂർണ ശുചിത്വ-സൗന്ദര്യവത്കരണ പദ്ധതിയായ ‘മൊഞ്ചുള്ള മുക്ക’ത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് കുപ്പിയാനയെ നിർമിച്ചത്.

To advertise here,

മുക്കത്തിന്റെ മൊഞ്ചുകൂട്ടാൻ അഭിലാഷ് ജങ്ഷനിൽ സ്ഥാപിച്ച കുപ്പിയാന നഗരവാസികൾക്കും യാത്രക്കാർക്കും കൗതുകക്കാഴ്‌ചയാണ്.

ഉപയോഗശൂന്യമായ 3247 പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ് മനോഹരമായ ശില്പമൊരുക്കിയത്. പ്രശസ്ത ചിത്രകാരൻ ബൈജു ചിത്രപ്പുരയുടെ മാർഗനിർദേശത്തോടെ നഗരസഭയിലെ ഹരിതകർമസേനാംഗങ്ങളാണ് വേറിട്ട കലാസൃഷ്ടിയൊരുക്കിയത്. മാലിന്യം ഉപേക്ഷിക്കേണ്ട വസ്തുക്കളല്ലെന്നും സർഗാത്മകതയിലൂടെ മനോഹര കലാസൃഷ്ടികളാക്കാമെന്നുമുള്ള സന്ദേശംകൂടി കുപ്പിയാന പകരുന്നു.

 

മുക്കത്തെ പൂന്തോട്ടനഗരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. നഗരവീഥികളിൽ പൂച്ചട്ടികൾ സ്ഥാപിച്ചും പൂന്തോട്ടങ്ങളും ഹരിത ഇടങ്ങളും ഒരുക്കിയും മുക്കത്തിന്റെ മുഖച്ഛായ മാറ്റാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.

നഗരത്തിന്റെ ശുചീകരണപ്രവർത്തനങ്ങൾക്കും ജനകീയ ബോധവത്കരണത്തിനുമാണ് ഒന്നാംഘട്ടത്തിൽ മുൻഗണന നൽകിയത്. രണ്ടാംഘട്ടത്തിൽ നഗരസൗന്ദര്യവത്കരണത്തിനൊപ്പം മാലിന്യത്തിൽനിന്ന് കലാസൃഷ്ടികൾ ഒരുക്കുന്ന -വേസ്റ്റ്‌ ടു ആർട്ട്, വലിച്ചെറിയൽ മുക്ത നഗരം, തുപ്പൽ മുക്ത നഗരം തുടങ്ങിയ ലക്ഷ്യങ്ങളാണ് നഗരസഭ മുന്നോട്ടുവെക്കുന്നത്.

രണ്ടാംഘട്ട സൗന്ദര്യവത്കരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ അധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭാവന വിനോദ്, കൗൺസിലർമാരായ സുഹറ വഹാബ്, അനിത ബാബു, ഷെരീഫ് വെണ്ണക്കോട്, ഷജീഷ് വായലത്ത്, സുനിൽ പൊയ്യേരി, രാജേഷ് പൊറ്റശ്ശേരി, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ജ്യോതിഷ് മണാശ്ശേരി, ഹെൽത്ത് ഇൻസ്പക്ടർമാരായ വി.കെ.മജീദ്, സുനിൽ കുമാർ, വിശ്വംഭരൻ, ഹരിത കർമസേനാംഗങ്ങൾ, കണ്ടിൻജന്റ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.