ഈ മലിനജലത്തിന് എന്ന് പരിഹാരമാകും
കോഴിക്കോട് : ഒരുകാര്യം നൂറുശതമാനം ഉറപ്പാണ്, ഇതുപോലൊരു ബീച്ചും പരിസരവും മറ്റെങ്ങും ഉണ്ടാവില്ല. മഴയൊന്ന് പെയ്താൽ ഫുഡ് സ്ട്രീറ്റിന് മുന്നിലെ റോഡിൽ വെള്ളംകെട്ടിനിൽക്കും. പെയ്തില്ലെങ്കിലും ബീച്ചിൽ മണൽപ്പരപ്പിൽ മലിനജലം നിറഞ്ഞകുളമുണ്ടാകും. ഈ നാറ്റത്തിനിടയിലൂടെ നടക്കാം, ഭക്ഷണം കഴിക്കാം. ആഹാ എന്തൊരു നല്ലനടപ്പ്! ഇപ്പ ശര്യാക്കിത്തരാമെന്ന് പറയുന്നവർക്ക് ഇനിയും അതിനുസമയമായിട്ടില്ല.
ദിവസേന ആയിരങ്ങളെത്തുന്നയിടമാണ് കോഴിക്കോട് ബീച്ച്. മുൻപെങ്ങും ബീച്ച് ആശുപത്രിക്ക് എതിർവശത്ത് ഫുഡ് സ്ട്രീറ്റിനൊട് ചേർന്നുള്ള റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നില്ല. ഈ ഭാഗത്ത് ഓവുചാലില്ല. ഫുഡ് സ്ട്രീറ്റ് വന്ന ശേഷമാണെന്നും പൊതുമരാമത്ത് റോഡ് നവീകരിച്ചശേഷമാണ് ഇവിടെ വെള്ളക്കെട്ടുണ്ടായതെന്നുമെല്ലാമാണ് ആക്ഷേപം. അതുവരെ വെള്ളം ബീച്ചിലേക്ക് ഒഴുകിയിറങ്ങിയിരുന്നു.
തുടർന്ന് കോർപ്പറേഷനും പൊതുമരാമത്തും ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയും മറ്റു നടപടികളിലേക്ക് കടക്കുകയുംചെയ്തിരുന്നു. ഒടുവിൽ ഇവിടെ ഓവുചാലുണ്ടാക്കാൻ കോർപ്പറേഷന്, പൊതുമരാമത്ത് വിഭാഗം അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. ഇനിയും പരിഹാരംകണ്ടില്ലെങ്കിൽ ഓരോ മഴയിലും വെള്ളം കെട്ടിനിൽക്കും, പൊതുജനംതന്നെ എല്ലാം അനുഭവിക്കുകയുംചെയ്യും.
ബീച്ചിൽ കുളമുണ്ടോ...
ഓവുചാലുകളിൽനിന്നുള്ള മലിനജലം കടലിലേക്കെത്തും. എന്നാൽ, ബീച്ചിൽ ഇത് ഒഴുകിപ്പരന്ന് കിടക്കും. ചിലപ്പോൾ തിരകളടിച്ച് കടൽവെള്ളം കൂടി ഇതിനൊപ്പംചേരും.
എന്നാൽ, ഈ ഓവുചാലിനോട് ചേർന്ന് ഇപ്പോൾ മലിനജലം കെട്ടിനിന്ന് ‘കുളം’തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഗ്ലാസ്, കുപ്പി, ചെരുപ്പ് അങ്ങനെ എല്ലാതരം മാലിന്യവും ഇതിലുണ്ട്. ഒഴുകാതെ കെട്ടിനിൽക്കുന്നതിന്റെ ദുർഗന്ധവും ഒപ്പമെത്തും. “കുട്ടികളെയും കൂട്ടി ബീച്ചിലെത്തുമ്പോൾ അവർ ഓടിക്കളയും. ഇതിലൊക്കെ ചവിട്ടേണ്ടിവന്നാൽ എന്തുചെയ്യും. അത്രമോശം വെള്ളമല്ലേ”- കുഞ്ഞുമോനും ഭർത്താവിനുമൊപ്പം ബീച്ചിലെത്തിയ വൈഗ ആശങ്കപ്പെട്ടു.
ഫുഡ്സ്ട്രീറ്റിൽ മലിനജലപ്രശ്നമുണ്ടെന്ന് കച്ചവടക്കാരുടെ പരാതിയുണ്ട്. ടാങ്ക് നിറഞ്ഞ് മലിനജലം ഒഴുകുന്നുവെന്നാണ് പരാതി. അതുകൊണ്ടാണോയെന്ന് അറിയില്ല, ചിലർ മലിനജലം നേേര ഓവുചാലിലേക്ക് ഒഴിക്കുന്നുണ്ട്.
Published: 27 Nov 2026, 04:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented