പേരാമ്പ്ര: സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ പെരുവണ്ണാമൂഴിയിൽ ഹില്ലി അക്വ കുപ്പിവെള്ള പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി കടലാസിലൊതുങ്ങി. പദ്ധതി പ്രവൃത്തികൾ ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഉത്തര കേരളത്തിലെ ആദ്യ പ്ലാന്റാണ് ചക്കിട്ടപാറ പഞ്ചായത്തിൽ സ്ഥാപിക്കാൻ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പദ്ധതി തയ്യാറാക്കിയത്. ജലവിഭവമന്ത്രിയായിരുന്ന റോഷി അഗസ്റ്റിൻ പെരുവണ്ണാമൂഴിയിൽ പരിപാടിയിൽ പങ്കെടുത്ത സമയത്ത് പ്രഖ്യാപിച്ച പദ്ധതിയാണിത്.
പെരുവണ്ണാമൂഴി ഡാം റിസർവോയറിൽനിന്നുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയിലെ വെള്ളമാണ് പദ്ധതിക്കും ഉപയോഗിക്കാൻ ഉദ്ദേശിച്ചത്. 3.50 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് കണക്കാക്കിയത്. പുതിയ നിരക്ക് വരുന്നതോടെ ഇത് 4.25 കോടിയോളമാകുമെന്നാണ് കരുതുന്നത്. നേരത്തേ കിഡ്കിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാനായിരുന്നു ഉദ്ദേശ്യം. പിന്നീട് വായ്പ ലഭ്യമാക്കുന്നതും പരിഗണിച്ചു. വായ്പയും ഇതുവരെ ലഭിച്ചിട്ടില്ല. പദ്ധതി ഭരണാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണെന്ന് ചീഫ് എൻജിനിയർ പ്രകാശ് ഇടിക്കുള വ്യക്തമാക്കി. മലബാറിലെ വിവിധ ജില്ലകളിൽ ഹില്ലി അക്വ കുപ്പിവെള്ളം വിതരണത്തിന് എത്തിക്കുകയാണ് ലക്ഷ്യം. ഹില്ലി അക്വയ്ക്ക് തൊടുപുഴയിലും തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിലുമാണ് നിലവിൽ പ്ലാന്റുകളുള്ളത്. മലബാറിൽ പ്ലാന്റുകൾ ഇല്ലാത്ത കുറവ് പെരുവണ്ണാമൂഴിയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ നികത്താനാകുമെന്നായിരുന്നു പ്രതീക്ഷ. 20 ലിറ്റർ, അഞ്ചുലിറ്റർ, ഒരു ലിറ്റർ അരലിറ്റർ എന്നിങ്ങനെ കുപ്പികളിൽ ഹില്ലി അക്വ വെള്ളം ലഭ്യമാകും. ജയിൽ കാന്റീൻ വഴി നിലവിൽ ഹില്ലി അക്വ കുപ്പിവെള്ളവിതരണമുണ്ട്.
പദ്ധതിസ്ഥലം പാട്ടത്തിനെടുക്കും
പെരുവണ്ണാമൂഴിക്ക് സമീപം 6000 ചതുരശ്രയടി സ്ഥലത്താണ് പ്ലാന്റ് നിർമിക്കാൻ ആലോചിച്ചത്. പദ്ധതിക്കായി സ്ഥലം 15 വർഷത്തേക്ക് പാട്ടത്തിനാണെടുക്കുക. രണ്ടുലക്ഷം ലിറ്റർ വെള്ളം ഒരുദിവസം പദ്ധതിയുടെ ആവശ്യത്തിന് വേണ്ടിവരും. സ്വന്തമായി ജല ഗുണനിലവാരം പരിശോധിക്കുന്നതിന് പ്രത്യേകം ലബോറട്രിയും മൈക്രോ ബയോളജിസ്റ്റും കെമിക്കൽ അനലിസ്റ്റും ഇവിടെയുണ്ടാകും. ഈ വർഷം ആദ്യം കമ്മിഷൻ ചെയ്യാനാകുന്ന വിധത്തിലായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. പക്ഷേ, ഫണ്ട് ലഭ്യമാക്കി പ്ലാന്റിന്റെ നിർമാണം പോലും തുടങ്ങാനായിട്ടില്ല.
പദ്ധതി വേഗം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ് ജലവിഭവമന്ത്രി മോൻസ് ജോസഫിന് അടുത്തിടെ നിവേദനം നൽകിയിരുന്നു.
പദ്ധതി കിഡ്ക് പ്രോജക്ടിൽ ഉൾപ്പെടുത്തുന്നതിന് സാധ്യത വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാനും അടിയന്തര നടപടി സ്വീകരിക്കാനും മന്ത്രി കിഡ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Published: 28 Nov 2026, 02:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented