ഒലിപ്പുഴയെ വീണ്ടെടുക്കാൻ ആറരക്കോടിയുടെ ചെക്ക് ഡാം

To advertise here,

കരുവാരക്കുണ്ട് : പ്രളയത്തിൽ മണ്ണും ചെളിയും അടിഞ്ഞ് ആഴവും നീരൊഴുക്കും നഷ്ടപ്പെട്ട ഒലിപ്പുഴയെ വീണ്ടെടുക്കാനും ചേറുമ്പ് ഇക്കോ വില്ലേജിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും പുതിയ പദ്ധതി ഒരുങ്ങുന്നു. ചിറക്കലിൽ ആറരക്കോടി രൂപ ചെലവിൽ ചെക്ക് ഡാം നിർമിക്കാനുള്ള അടങ്കൽ തയ്യാറാക്കി ജലസേചനവകുപ്പ് അംഗീകാരത്തിന് സമർപ്പിച്ചു.

പുഴയിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് നീക്കംചെയ്യാനുമാണ് തീരുമാനം. പുഴയുടെ വീണ്ടെടുപ്പിലൂടെ വിനോദസഞ്ചാരകേന്ദ്രത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇക്കോ ടൂറിസം വില്ലേജിന് സമീപം മൂന്നടി പാലത്തിന് ഒരുമീറ്റർ മുൻപിലായാണ് ചെക്ക് ഡാം നിർമിക്കാൻ ഉദ്ദേശിക്കുന്നത്.

60 മീറ്റർ നീളത്തിൽ നിർമിക്കുന്ന ഡാമിൽ ഒരുമീറ്റർ വീതിയുള്ള ആറുഷട്ടർ സംവിധാനങ്ങളുണ്ടാകും. ആവശ്യാനുസരണം തുറന്നുവിടാൻ കഴിയുന്ന രീതിയിലാണ് രൂപകല്പനചെയ്തിട്ടുള്ളത്. അടുത്ത മഴക്കാലത്തിനു മുൻപ് പദ്ധതിയുടെ നടപടികൾ ഏറെക്കുറെ പൂർത്തിയാക്കാനും ഒരുവർഷത്തിനുള്ളിൽ നിർമാണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. ഉണ്ണീൻകുട്ടി പറഞ്ഞു.

കടലുണ്ടിപ്പുഴയുടെ പ്രധാന കൈവഴിയായ ഒലിപ്പുഴയുടെ തീരത്ത് കരുവാരക്കുണ്ട് ചിറക്കലിൽ 2015-ലാണ് പ്രകൃതിസൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ ചേറുമ്പ് ഇക്കോ വില്ലേജ് തുറന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിൽ അഞ്ചുകോടി രൂപ ചെലവിട്ട് ഒരുക്കിയ കേന്ദ്രം ആദ്യ രണ്ടുവർഷങ്ങളിൽ മികച്ചരീതിയിൽ പ്രവർത്തിച്ചു. ബോട്ട് സർവീസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടായിരുന്നതിനാൽ ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും നിരവധി സഞ്ചാരികളെത്തി. 2018-ലെ പ്രളയത്തിൽ മലവാരത്തുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് ഒലിപ്പുഴയിൽ വൻതോതിൽ മണ്ണും ചെളിയും അടിഞ്ഞു. പുഴയുടെ ആഴം കുറഞ്ഞതോടെ നീരൊഴുക്ക് തടസ്സപ്പെടുകയും ബോട്ടുകൾ ഇറക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകുകയും ചെയ്തു. ബോട്ട് സർവീസും ബോട്ട് ഹൗസിന്റെ പ്രവർത്തനവും നിലച്ചു. വെള്ളം കയറി പൂന്തോട്ടമുൾപ്പെടെയുള്ള ഉദ്യാനങ്ങളും നശിച്ചു. തുടർന്നുണ്ടായ പ്രളയങ്ങളും കോവിഡ് കാലത്തെ അടച്ചിടലും വിനോദസഞ്ചാരകേന്ദ്രത്തിന്റെ തകർച്ചയ്ക്ക് ആക്കംകൂട്ടി. ഒഴിവുദിവസങ്ങളിൽ ആയിരത്തിലേറെപേർ എത്തിയിരുന്ന കേന്ദ്രത്തിൽ ഇപ്പോൾ അതിന്റെ പകുതിപോലും സന്ദർശകരില്ല. ഉത്സവക്കാലത്തും സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ടൂറിസം മാപ്പ് നോക്കി എത്തുന്നവർക്ക് പ്രതീക്ഷിച്ച സൗകര്യങ്ങൾ ലഭിക്കാത്തതും തിരിച്ചടിയാണ്. പലദിവസങ്ങളിലും 500 രൂപയിൽ താഴെയാണ് വരുമാനം. കേന്ദ്രത്തിലെ 16 ജീവനക്കാരിൽ ആറുപേർക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ശുചീകരണജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പത്ത് വനിതകൾക്ക് കുടുംബശ്രീയുമാണ് വേതനം നൽകുന്നത്.