കൊയിലാണ്ടി : കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് മോർച്ചറിയില്ലാത്ത പ്രശ്‌നം പരിഹരിക്കാൻ, താത്കാലികമായി റവന്യൂഭൂമി വിട്ടുനൽകണമെന്ന ആവശ്യത്തിൽ തീരുമാനം വൈകുന്നു. ആശുപത്രിയിൽ പുതിയകെട്ടിട നിർമാണത്തിന്റെ ഭാഗമായിട്ടാണ് നിലവിലുള്ള പഴയ മോർച്ചറി കെട്ടിടം പൊളിച്ചുനീക്കിയത്. ഇതുകാരണം ഇപ്പോൾ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ കഴിയുന്നില്ല.
കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് അസ്വാഭാവിക മരണങ്ങൾ നടക്കുമ്പോൾ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോകുന്നത്. ഇത് ബന്ധുക്കൾക്ക് വലിയ സാമ്പത്തികപ്രയാസമാണ് ഉണ്ടാക്കുന്നത്. ഇതോടെയാണ് ആശുപത്രിക്ക് പുതിയകെട്ടിടം നിർമാണം പൂർത്തിയാവുംവരെ മോർച്ചറിക്ക് താത്കാലിക സംവിധാനം ഒരുക്കണമെന്ന ആവശ്യമുയർന്നത്.
ഈ സാഹചര്യത്തിലാണ് ആശുപത്രിക്ക് പിന്നിലുള്ള റവന്യൂഭൂമിയിൽനിന്ന് 10 സെന്റ് സ്ഥലം അനുവദിക്കണമെന്ന ആവശ്യം ഉയർന്നത്. ഇക്കാര്യം കഴിഞ്ഞമാസം ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അടിയന്തര നടപടിക്ക് നിർദേശം നൽകിയിരുന്നു.
ആശുപത്രിക്ക് സമീപം റവന്യൂവകുപ്പിന് കൈയിലുള്ള 10 സെന്റ് സ്ഥലം മോർച്ചറി നിർമിക്കാനായി വിട്ടുനൽകുന്നതിനായി ആശുപത്രി വികസനസമിതി കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ കളക്ടർ അനുമതി നൽകിയാൽ താത്കാലിക കെട്ടിടനിർമാണം ആരംഭിക്കുമെന്ന് കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ പറഞ്ഞു. പുതിയ മോർച്ചറിക്കെട്ടിടം നിർമിച്ച് പോസ്റ്റ്‌മോർട്ടം തുടങ്ങിക്കഴിഞ്ഞാൽ പോലീസ് സർജനെയും നിയമിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
മോർച്ചറിയിലേക്ക് വേണ്ട ഫ്രീസർ താലൂക്കാശുപത്രിയിൽ ഉണ്ട്. അത് ഉപയോഗിക്കാതെ കിടപ്പാണ്.
പുതിയ കെട്ടിടത്തിൽ മോർച്ചറികൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് പ്ലാൻ. എന്നാൽ, കെട്ടിടംപണി പൂർത്തിയാകാൻ ഇനിയും കാലങ്ങളെടുക്കും. ഇക്കാരണത്താലാണ് താത്കാലിക സംവിധാനമൊരുക്കേണ്ടിവരുന്നത്.
Published: 18 Sept 2026, 03:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented