ഇന്ന് ലോക മുളദിനം
ഫറോക്ക്: നാല്പത്തിയഞ്ചോളം ജീവനക്കാർ ജോലിചെയ്തിരുന്ന നല്ലളത്തെ മുളയധിഷ്ഠിത തറയോട് കമ്പനി ഇന്ന് വിരലിലെണ്ണാവുന്ന ജീവനക്കാരിൽമാത്രം ഒതുങ്ങി. കമ്പനിയെ സംരക്ഷിക്കേണ്ട അധികൃതരുടെ ശ്രദ്ധ കുറഞ്ഞപ്പോൾ കമ്പനിയുടെ ജീവനക്കാരിൽപലരും മറ്റ് തൊഴിൽമേഖല തേടിപ്പോയി. കമ്പനിയുടെ തുടക്കസമയത്ത് ഉണ്ടായിരുന്ന ഏഴോളം ദിവസവേതനജീവനക്കാരെ 2024-ൽ പിരിച്ചുവിടുകയും ചെയ്തു. കമ്പനിയിൽ ഉണ്ടായിരുന്ന സ്ഥിരംജീവനക്കാരിൽ ഇപ്പോൾ നാലുപേർ ഡെപ്യൂട്ടേഷൻവഴി മറ്റുജോലിയിലേക്ക് പ്രവേശിച്ചു.
2011 ഫെബ്രുവരിയിലാണ് അന്നത്തെ ചെറുവണ്ണൂർ നല്ലളം പഞ്ചായത്തിലെ നല്ലളത്ത് സംസ്ഥാനത്തെ ആദ്യത്തെ മുളയധിഷ്ഠിത തറയോട് കമ്പനി സ്ഥാപിതമാവുന്നത്. മുളയധിഷ്ഠിത തറയോടുകൾ, ഫർണിച്ചർ, മുളസംസ്കരണം, ചന്ദനത്തിരിക്കോലുകൾ, മുളയാണി എന്നിവയായിരുന്നു നല്ലളത്ത് പ്രധാനമായും നിർമിച്ചിരുന്നത്. എന്നാൽ, 2017-ൽ തറയോട് നിർമാണം നിലച്ചു. ഇതേ വർഷം ആര്യവേപ്പ് മുളയധിഷ്ഠിത ടൈലുകൾ നിർമിക്കാനുള്ള പ്രാരംഭനടപടികൾ തുടങ്ങിയെങ്കിലും അധികൃതരുടെ പിടിപ്പുകേടിനെത്തുടർന്ന് അതും നിലച്ചു. ഇതിനിടയിൽ 2018-ലെ മഹാപ്രളയത്തിൽ കമ്പനിയിലെ മുഴുവൻ മെഷീനുകളും വെള്ളത്തിൽ മുങ്ങി. 2023-ൽ ജി.എസ്.ടി. അടയ്ക്കാത്തതിന്റെ പേരിൽ ജി.എസ്.ടി. നിയന്ത്രണം വന്നു. ഇതോടെ കമ്പനിയിൽ നിർമിച്ച മുളയധിഷ്ഠിത ഉത്പന്നങ്ങൾ വിപണിയിലെത്താത്ത സ്ഥിതിയായി. തറയോട് കമ്പനിക്ക് സ്ഥിരമായി ലഭിച്ചിരുന്ന പല ഓർഡറുകളും ഇതിന്റെ പേരിൽ നഷ്ടമായി.
ഭീമമായ വൈദ്യുതിക്കുടിശ്ശിക കാരണം ഒരുവർഷക്കാലം കമ്പനിയിലെ വൈദ്യുതി കെ.എസ്.ഇ.ബി. വിച്ഛേദിച്ചു. പിന്നീട് സർക്കാർ മുപ്പത്തിയഞ്ചുലക്ഷത്തോളം രൂപ എഴുതിത്തള്ളി. കമ്പനിയുടെ നിലനിൽപ്പിനുവേണ്ടി ഉയർന്ന താരിഫിൽനിന്ന് നാലിലൊന്നായി കുറച്ചു. എന്നിട്ടും മുളയധിഷ്ഠിത കമ്പനിയിൽ തറയോടുമാത്രം ഉത്പാദനം നടന്നില്ല. കമ്പനിയുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് എൽ.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്ത് ബജറ്റിൽ പത്തുകോടി മാറ്റിവെച്ചിരുന്നു.
പക്ഷേ, അതിന്റെ തുടർനടപടികളൊന്നും ആയിട്ടില്ല. ഇനിയും അധികൃതർ ഈ മുളയധിഷ്ഠിത കമ്പനിയോട് മുഖംതിരിക്കുകയാണെങ്കിൽ നല്ലളത്തെ കമ്പനി ചരിത്രമായേക്കുമെന്നാണ് തൊഴിലാളികളും ഭയപ്പെടുന്നത്. എന്നാൽ, നല്ലളം മുളയധിഷ്ഠിത തറയോടുകമ്പനിയെ ഘട്ടംഘട്ടമായി വൈവിധ്യവത്കരിച്ച് പൂർണതോതിൽ പ്രവർത്തനസജ്ജമാക്കുമെന്നും പുതിയപദ്ധതികൾ ആവിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും സംസ്ഥാന ബാംബൂ കോർപ്പറേഷൻ എം.ഡി. സുരേഷ് പുല്ലാനിക്കാട് പറഞ്ഞു.
Published: 18 Sept 2026, 03:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented