ബാക്കിയുള്ളവ നീക്കാൻ സ്ഥലമുടമകൾക്ക് നിർദേശം

To advertise here,

മാലിന്യം നീക്കിത്തുടങ്ങി

വടകര : മേമുണ്ട കുന്നോത്ത് പാറക്കുളത്തിൽ തള്ളിയ മാലിന്യവും മറ്റവശിഷ്ടങ്ങളും നീക്കംചെയ്ത് ജലസ്രോതസ്സ് സംരക്ഷിക്കാൻ വില്യാപ്പള്ളി പഞ്ചായത്ത് നടപടിതുടങ്ങി.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുളത്തിന്റെ കരയിലും റോഡരികിലുമായി ഇറക്കിയ മാലിന്യം ചൊവ്വാഴ്ച നീക്കി. കുളത്തിലെ തെങ്ങിൻകുറ്റിയും മറ്റു മാലിന്യവും ഉടൻ നീക്കംചെയ്യണമെന്ന് സ്ഥലമുടമകൾക്ക് കർശന നിർദേശവും നൽകി.

ചൊവ്വാഴ്ച വില്യാപ്പള്ളി പഞ്ചായത്ത് സെക്രട്ടറി ഗോപാലകൃഷ്ണ പിള്ള, പഞ്ചായത്ത് ആരോഗ്യസ്ഥിരംസമിതി അധ്യക്ഷൻ ഒ.പി. രാജൻ, വില്ലേജ് ഓഫീസർ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകി.

സെക്രട്ടറി സ്ഥലമുടമയെ വിളിച്ച് ജലസ്രോതസ്സ് നികത്താൻ പാടില്ലെന്നും നികത്തിയത് പൂർവസ്ഥിതിയിലാക്കണമെന്നും നിർദേശിച്ചു. ഇല്ലെങ്കിൽ കളക്ടർക്കും പോലീസിലും റിപ്പോർട്ട് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. എത്ര ദിവസത്തിനുളളിൽ ഇവ നീക്കാൻ കഴിയുമെന്ന് അറിയിക്കണമെന്ന് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്. ഉടമകളുടെ തന്നെ ചെലവിലാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡരികിലെയും മറ്റും മാലിന്യം നീക്കിയത്. കുളം നികത്താനായി തട്ടിയതാണിത്.

കൂടാതെ, പാറയുടെ പല ഭാഗങ്ങളിലായി വളർന്ന കാടുകളും നീക്കി. പാറയ്ക്ക് മധ്യത്തിലൂടെയുളള റോഡിൽ മലിനജലം കെട്ടിക്കിടന്ന ഭാഗത്ത് മണ്ണിട്ട് ഗതാഗതയോഗ്യമാക്കി.

കാടുവളർന്ന് പാമ്പുകളുടെയും മറ്റും കേന്ദ്രമായ സാഹചര്യത്തിലാണ് നടപടി.

കുന്നോത്ത് പാറക്കുളത്തെ മാലിന്യംതള്ളി നശിപ്പിക്കുന്നത് സംബന്ധിച്ച് ‘മാതൃഭൂമി’ ചൊവ്വാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

പഞ്ചായത്തംഗങ്ങളായ നിംഷ, സിന്ധു കളിച്ചാട്ട് എന്നിവരും സ്ഥലം സന്ദർശിച്ചു.