മോഹനന് നാടിന്റെ യാത്രാമൊഴി

To advertise here,

മേമുണ്ട : ഒരിക്കൽ വേദനയോടെ പടിയിറങ്ങിയ കാലിക്കറ്റ് സർവകലാശാലയിലേക്ക് തല ഉയർത്തി വീണ്ടും കടന്നുചെന്നൊരു ചരിത്രമുണ്ട് റിട്ട. ഓഡിറ്റ് ഓഫീസർ കുരുന്നുംമനക്കൽ മോഹനന്. അകാലത്തിൽ മോഹനൻ വിട പറയുമ്പോൾ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും മറക്കാനാകില്ല ആ ചരിത്രം.

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് ഗ്രേഡ്-രണ്ട് പരീക്ഷയെഴുതി മോഹനൻ 1994-ൽ ജോലി നേടിയെങ്കിലും മൂന്നുവർഷത്തിനുശേഷം പട്ടിക റദ്ദാക്കി 33 പേരെ സർവകലാശാല പിരിച്ചുവിട്ടു. തങ്ങളുടേതല്ലാത്ത കാരണത്തിന് ജോലിനഷ്ടപ്പെട്ട മോഹനൻ ഉൾപ്പെടെയുളള 33 പേർ 200 ദിവസത്തോളം സർവകലാശാലയ്ക്ക് മുൻപിൽ സത്യാഗ്രഹം നടത്തി.

സുപ്രീം കോടതിവരെ കേസും നടത്തി, പക്ഷെ ഫലമുണ്ടായില്ല. ഇതിനിടെ പി.എസ്.സി.യുടെ സെക്രട്ടേറിയേറ്റ്/സ്റ്റേറ്റ് ഓഡിറ്റ് ഓഡിറ്റർ തസ്തികയുടെ പരീക്ഷയെഴുതി മോഹൻ റാങ്ക് പട്ടികയിലെത്തി. വൈകാതെ സർവീസിൽ പ്രവേശിച്ചു. ആദ്യനിയമനം ലഭിച്ചത്, ജോലിയിൽനിന്നും പിരിച്ചുവിട്ട അതേ കാലിക്കറ്റ് സർവകലാശാലയിലെ ഓഡിറ്റ് വിഭാഗം ഓഫീസിൽ. മോഹനന്റെ ഈ തിരിച്ചുവരവ് അന്ന് പത്രങ്ങളിൽ വാർത്തയായി. തന്നെ പിരിച്ചുവിട്ട ഓഫീസിന്റെ കണക്കുകളും രേഖകളും പരിശോധിക്കാനുള്ള നിയോഗമാണ് കാലം മോഹനനായി കാത്തുവെച്ചത്.

നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും നന്നായി പഠിക്കുന്ന മോഹൻ ഓഡിറ്റ് ജോലിയിൽ വൈദഗ്ധ്യം തെളിയിച്ചു. ഐ.ടി. രംഗത്തും മികവ് കാട്ടി. സംസ്ഥാന ഓഡിറ്റ് വകുപ്പ് ഓഡിറ്റിന് പുതിയ സോഫ്റ്റ് വെയർ ആദ്യം പരീക്ഷിച്ചത് കോഴിക്കോട്ടായിരുന്നു. അത് വിജയകരമാക്കാൻ മോഹൻ മുന്നിൽനിന്നു.

സംസ്ഥാനത്തെ മുഴുവൻ ഓഡിറ്റ് ജീവനക്കാർക്കും സോഫ്റ്റ് വെയർ പരിശീലനം നൽകാൻ നിയോഗിക്കപ്പെട്ട രണ്ടുപേരിൽ ഒരാൾ മോഹനനായിരുന്നു. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിലും മോഹൻ ജോലി ചെയ്തു.

ജോലിയിൽ പ്രവേശിക്കും മുൻപേ വടകരയിലെയും മേമുണ്ടയിലെയും സമാന്തരവിദ്യാഭ്യാസരംഗത്തും ഇദ്ദേഹം തിളങ്ങി. സാഗർ കോളേജ്, മേമുണ്ട മിനർവ, എം.ടി.സി. എന്നിവിടങ്ങളിലെല്ലാം അധ്യാപകനായി. മേമുണ്ടയിൽ ഒട്ടേറെ പേർക്ക് സർക്കാർ ജോലി ലഭിക്കാൻ അടിത്തറയിട്ട ഡാലി വിഞ്ജാനവേദിയുടെ സ്ഥാപകരിലൊരാളായിരുന്നു. പി.എസ്.സി. പരീക്ഷാപരിശീലനം അപ്രാപ്യമായിരുന്ന 1990കളിൽ മേമുണ്ടയിലെ ഒട്ടേറെപേരെ പൊതുവിഞ്ജാനത്തിന്റെ വഴിയെ നടത്തിയത് ഡാലി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളായിരുന്നു. സർവീസിലെത്തിയശേഷം പിന്മുറക്കാരെ മത്സരപരീക്ഷകൾക്ക് ഒരുക്കാൻ തന്നാൽ കഴിയാവുന്ന സഹായങ്ങളെല്ലാം നൽകി. സർവ്വീസിൽനിന്ന് വിരമിച്ചശേഷം ഇത്തരം സേവനങ്ങളിൽ സജീവമാകാനിരിക്കെയാണ് മരണം ഇദ്ദേഹത്തെ കവർന്നത്. വെള്ളിയാഴ്ച രാവിലെ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കാരച്ചടങ്ങ് നടന്നു.