പൊന്നാനി : നാട്ടിലെ പോസ്റ്റ് ഓഫീസുകൾ പൊടുന്നനെ പൂട്ടിയതോടെ വലഞ്ഞത് പ്രായമായവരാണ്.
ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ അടച്ചത് സാധാരണ കുടുംബങ്ങൾക്ക് ഇടപാടുകൾ നടത്തുന്നതിന് സാമ്പത്തികബാധ്യതയും അധികയാത്രയും അടിച്ചേൽപ്പിച്ചിരിക്കുകയാണ്.
ദൈനംദിന സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടിരുന്ന വൃദ്ധരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് കിലോമീറ്ററുകൾ യാത്രചെയ്ത് നഗരത്തിലെ പോസ്റ്റ് ഓഫീസുകളിൽ എത്തേണ്ട സ്ഥിതിയാണിപ്പോൾ.
പൊന്നാനി കടവനാട്ടെ പോസ്റ്റ് ഓഫീസ് പൂട്ടിയതിനെത്തുടർന്ന് ആ ഭാഗത്തുള്ളവർ ബസുകൾ കയറിയിറങ്ങി ചന്തപ്പടിയിലെ ഹെഡ് പോസ്റ്റ് ഓഫീസിൽ എത്തിവേണം ദൈനംദിന ഇടപാടുകൾ നടത്താൻ. നഗരത്തിലെ പോസ്റ്റ് ഓഫീസാണെങ്കിൽ കെട്ടിടത്തിന്റെ രണ്ടാംനിലയിലുമാണ്. ഇതും പ്രായമായവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അടച്ചുപൂട്ടിയ കടവനാട്ടെ പോസ്റ്റ് ഓഫീസ് തുറക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സ്ത്രീകൾ പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസിലെത്തി നിവേദനം നൽകി. പൊന്നാനി നഗരസഭയിൽ ഉൾപ്പെട്ട ബിയ്യം, ഈശ്വരമംഗലം, കടവനാട് എന്നിവിടങ്ങളിലെ ഗ്രാമീണ പോസ്റ്റ് ഓഫീസുകളാണ് കേന്ദ്ര തപാൽവകുപ്പിന്റെ നിർദേശപ്രകാരം അടച്ചുപൂട്ടിയത്.
2000-ൽ ഈഴുവത്തിരുത്തി പഞ്ചായത്ത് പൊന്നാനി നഗരസഭയിൽ ലയിപ്പിച്ചതുമുതൽ ഈ പ്രദേശങ്ങൾ നഗരസഭാ പരിധിയിലാണെങ്കിലും ഇപ്പോഴും തികച്ചും ഗ്രാമീണപശ്ചാത്തലവും സ്വഭാവവുമുള്ള മേഖലകളാണ്. അർബൻ ഏരിയകളിലെ ഗ്രാമീണ തപാൽ ഓഫീസുകൾ പൂട്ടണമെന്ന പോസ്റ്റൽ ഡയറക്ടറേറ്റിന്റെ നിർദേശത്തിന്റെ മറവിൽ, യാതൊരുവിധ പ്രായോഗിക പഠനവുമില്ലാതെയാണ് ഇവിടുത്തെ ഓഫീസുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രദേശത്തുകാർ കുറ്റപ്പെടുത്തി.
ആയിരക്കണക്കിനു വരുന്ന സാധാരണക്കാരായ കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ, പെൻഷൻകാർ, വിദ്യാർഥികൾ എന്നിവർ ദൈനംദിന തപാൽ സാമ്പത്തിക ഇടപാടുകൾക്കായി ആശ്രയിക്കുന്നത് ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളെയാണ്.
നഗരസഭാ പരിധിയിലാണെന്ന കേവല സാങ്കേതികത്വം പറഞ്ഞ് ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന ഈ ഓഫീസുകൾ അടച്ചുപൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്തത് പ്രദേശത്ത് വലിയ സാമ്പത്തികസേവന പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
Published: 31 Oct 2026, 03:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented