ഗ്ലോബ് തിയേറ്റർ നാടകോത്സവത്തിന് മികച്ച പ്രതികരണം
വടകര : നാടകമെന്ന് കേട്ടാൽ വടകര മറ്റൊന്നുംനോക്കാതെ അങ്ങോട്ടേക്ക് ഒഴുകും. അത് ഉത്സവപ്പറമ്പായാലും മത്സരവേദിയായാലും ടിക്കറ്റ് വെച്ച് കളിച്ചാലുമൊക്കെ, വടകരയ്ക്ക് നാടകമേ ഉലകം. ആ നാടകപ്രേമത്തിന് അടിവരയിട്ട് ഗ്ലോബ് തിയേറ്റർ സംഘടിപ്പിക്കുന്ന നാടകോത്സവം നാലാംദിനത്തിലേക്ക്. അഞ്ചുദിവസം നീളുന്ന നാടകോത്സവം ശനിയാഴ്ച സമാപിക്കും.
നാലാംദിനമായ വെള്ളിയാഴ്ച കോഴിക്കോട് രംഗഭാഷയുടെ ‘ഒരുക്കം’ അരങ്ങിലെത്തും. തിരുവനന്തപുരം ശ്രീനന്ദനയുടെ ‘ഇരുവർ’, കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ ‘ഒറ്റ’, അമ്പലപ്പുഴ സൂര്യകാന്തിയുടെ ‘ജീവന്റെ ജീവൻ’ എന്നീ നാടകങ്ങൾ ഇതിനകം അരങ്ങേറി. ചങ്ങനാശ്ശേരി അണിയറയുടെ ‘തിര’യാണ് അവസാന നാടകം. ഇതുവരെ എല്ലാ ദിവസങ്ങളിലും നിറഞ്ഞ സദസ്സിലാണ് ഓരോ നാടകവും അവതരിപ്പിച്ചത്.
നാടകാവതരണത്തിനൊപ്പം പുസ്തകമേളയും സാംസ്‌കാരിക സംവാദങ്ങളും അനുബന്ധപരിപാടികളുംകൊണ്ട് അക്ഷരാർഥത്തിൽ നാടകത്തെ ഉത്സവമാക്കുന്ന കാഴ്ചയാണ് വടകരയിൽ. കേരളത്തിലെ പ്രസിദ്ധരായ നാടകപ്രവർത്തകരുടെയും എഴുത്തുകാരുടെയും രചനകളുമായി ഒരു സുവനീറും പുറത്തിറക്കിയിട്ടുണ്ട്. വടകരയിലും പരിസരങ്ങളിലുമായി ഓരോ വർഷം മൂന്നും നാലും നാടകോത്സവങ്ങൾ നടക്കാറുണ്ട്. ഇതിനുപുറമെ വിവിധ സംഘടനകളുടെ നേതൃത്വത്തിലും നാടകാവതരണമുണ്ടാകും. കേരളത്തിലെ പേരുകേട്ട നാടകട്രൂപ്പുകളെല്ലാം വടകരയിൽ സ്റ്റേജ് കിട്ടുന്നതിന് വലിയ പ്രാധാന്യംകല്പിക്കുന്നുണ്ട്. പ്രധാനനാടകങ്ങളെല്ലാം ഒരിക്കലെങ്കിലും വടകരയിലെത്തും. ഈ നാടകപ്രേമത്തിന് പ്രൊഫഷണൽ-അമെച്ചർ ഭേദമില്ല. നവംബർ ആദ്യം മൊകേരിയിലും നാടകോത്സവം വരുന്നുണ്ട്. ഗ്ലോബ് തിയേറ്റർ തുടർച്ചയായ രണ്ടാംവർഷമാണ് അഞ്ചുദിവസം നീളുന്ന നാടകോത്സവം സംഘടിപ്പിക്കുന്നത്.
നാടകപ്രേമികളുടെ ഒഴുക്ക് സംഘാടകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
നാടകകൃതികളും നാടകസാഹിത്യവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുമാണ് പുസ്തകോത്സവത്തിലുള്ളത്. നാടകസംവിധായകൻ പൗർണമി ശങ്കറുമായുള്ള മുഖാമുഖം, നാടകഗാനങ്ങളുടെ അവതരണം, സ്ത്രീപക്ഷ നാടകരംഗത്തെക്കുറിച്ചുള്ള പ്രഭാഷണം തുടങ്ങിയ പരിപാടികളുമുണ്ട്.
Published: 30 Oct 2026, 03:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented