ബാലുശ്ശേരി : ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റോവർ റേഞ്ചർ യൂണിറ്റിന്റെ കൂട്ടായ്മയിൽ സ്കൂൾ ടെറസിന്റെ മുകളിൽ ചോളം കൃഷിചെയ്തു. മണ്ണിൽ മാത്രമല്ല ടെറസിന്റെ മുകളിൽ ഒരുക്കിയ സ്ഥലത്തും സമൃദ്ധമായി കൃഷിനടത്താമെന്ന് തെളിയിക്കുകയാണ് വിദ്യാർഥികൾ. സ്കൂൾ ടെറസിൽ 250 ഗ്രോബാഗുകളിലായി തഴച്ചുവളരുന്ന ചോളച്ചെടികൾ കൗതുകമാകുന്നു.

To advertise here,

സ്കൂളിലെ ചരിത്രാധ്യാപകൻ റിനേഷ് കുമാറിന്റെ നേതൃത്വത്തിലാണ് കൃഷി ഒരുക്കിയത്. ഓഗസ്റ്റ് രണ്ടാംവാരത്തിൽ വിത്തുപാകി വളർച്ചയുടെ വിവിധ ഘട്ടങ്ങൾ പിന്നിട്ട് ഇപ്പോൾ വിളവെടുപ്പിന് തയ്യാറെടുക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ചോളക്കതിരുകൾ പറിച്ചെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിമിതമായ സ്ഥലത്തും ശാസ്ത്രീയമായ രീതിയിൽ കൃഷി സാധ്യമാണെന്ന സന്ദേശമാണ് ഈ സംരംഭം മുന്നോട്ടുവയ്ക്കുന്നത്. നഗരങ്ങളിലും വീടുകളിലും സ്ഥലപരിമിതി കൃഷിക്ക് തടസ്സമാകുന്ന സാഹചര്യത്തിൽ ടെറസും കൃഷിയിടമാക്കി മാറ്റാമെന്നതിന്റെ മാതൃക കൂടിയാണിത്. പാഠപുസ്തകങ്ങളിലെ അറിവിനൊപ്പം പ്രകൃതിയെയും കൃഷിയെയും അടുത്തറിയാനുള്ള അവസരം വിദ്യാർഥികൾക്ക് ഒരുക്കുന്നതിലും ഈ സംരംഭത്തിന് പ്രാധാന്യമുണ്ട്.

വിത്ത് പാകുന്നതു മുതൽ ചെടികളുടെ വളർച്ചയും പരിചരണവും നിരീക്ഷി ക്കുന്നതുവരെ കൃഷിയുടെ വിവിധഘട്ടങ്ങൾ നേരിട്ട് മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് ഇതിലൂടെ സാധിക്കുന്നു. ഇതിനുമുൻപ് മറ്റ് വിവിധതരം കൃഷികൾ ടെറസിനു മുകളിൽ നടത്തിയിരുന്നു. ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ വിദ്യാർഥികൾ വിളയിച്ചെടുക്കുന്ന ഉത്പന്നങ്ങൾ എളുപ്പം വിറ്റഴിക്കാൻ കഴിഞ്ഞിരുന്നു.