വടകര : തൂൺ തകർന്ന് അപകടാവസ്ഥയിലായ ഇല്ലത്തുപാലത്തിലൂടെയുള്ള വാഹനയാത്ര പൂർണമായും പി.ഡബ്ല്യു.ഡി. നിരോധിച്ചതോടെ പെരുവഴിയിലായി യാത്രക്കാർ. ചോറോട്, ഏറാമല പഞ്ചായത്തുകളിലെ പ്രധാന പാതയായ വൈക്കിലശ്ശേരി- ഓർക്കാട്ടേരി റൂട്ടിലെ പാലമായതുകൊണ്ടുതന്നെ ദിവസവും നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന പാലമാണിത്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങളുൾപ്പെടെ ഇതുവഴിയാണ് പോകുന്നത്. പാലമടച്ചതോടെ ചുറ്റിസഞ്ചരിക്കേണ്ട സ്ഥിതിയാണ്.
എൻ.സി. കനാലിന് കുറുകേയുള്ള പാലത്തിന്റെ തൂൺ തകർന്നിട്ട് ദിവസങ്ങളായി. ബുധനാഴ്ച പി.ഡബ്ല്യു.ഡി. ഡിസൈൻ വിഭാഗം പാലം പരിശോധിച്ചിരുന്നു. തുടർന്നാണ് പാലം പൂർണമായും അടച്ചിടാൻ തീരുമാനിച്ചത്. കാൽനടയാത്രക്കാർക്ക് പോകുന്നതിനായി താത്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്.
പി.ഡബ്ള്യു.ഡി. വിഭാഗം നേരത്തേ ഭാരംകയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ, ഇതുവഴി സ്‌കൂൾബസുകൾ അടക്കമുള്ള വാഹനങ്ങൾ പോകാറുണ്ട്. തകർച്ചമൂലം അപകടമുണ്ടാകുമോ എന്ന ഭീതിയിലാണ് പാലം പൂർണമായും അടച്ചത്.
പാലമടച്ചത് ഓട്ടോതൊഴിലാളികളെയാണ് സാരമായി ബാധിച്ചത്. ഓർക്കാട്ടേരിയിൽനിന്ന് വൈക്കിലശ്ശേരി, മലോൽമുക്ക് ഭാഗങ്ങളിലേക്ക് പ്രധാനമായും ഓട്ടോകളാണ് സർവീസ് നടത്തുന്നത്. ഇത് പ്രതിസന്ധിയിലായി. മലോൽമുക്കുനിന്ന് ഓർക്കാട്ടേരിയിലേക്ക് പോകാൻ ആഴാട്ട് അമ്പലത്തിനു സമീപത്തുനിന്ന് കുറിഞ്ഞാലിയോട്-ഓർക്കാട്ടേരി റോഡിൽ കയറണം. ഇത് ദൂരംകൂടുതലാണ്. മാത്രമല്ല, ഓട്ടോനിരക്കും കൂടും. ഓർക്കാട്ടേരി, നാദാപുരം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈ റോഡാണ് തിരഞ്ഞെടുത്തിരുന്നത്. പാലമടച്ചതോടെ ഈ വഴിയും അടഞ്ഞു. ദേശീയപാതയിൽ കുരുക്ക് കൂടാൻ ഇതും കാരണമാകും.
ഡ്രോയിങ് തയ്യാറായി, എസ്റ്റിമേറ്റ് ഉടൻ
പാലമടച്ചതോടെ പുതിയ പാലം മാത്രമാണ് ഇനി ഗതാഗതം പുനഃസ്ഥാപിക്കാനുളള മാർഗം. ഇതിനുളള നടപടികൾ പി.ഡബ്ല്യു.ഡി. തുടങ്ങി. പാലം സന്ദർശിച്ച ഡിസൈൻ വിങ് പുതിയ പാലത്തിന്റെ ഡ്രോയിങ് തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം പുതിയ പാലത്തിന്റെ എസ്റ്റിമേറ്റ് ഉടൻ തയ്യാറാക്കി ഭരണാനുമതിക്കായി സർക്കാരിലേക്ക് നൽകും. മന്ത്രിയെ കണ്ട് സംസാരിച്ചതായും പാലം എത്രയും പെട്ടെന്ന് നിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കെ.കെ. രമ എം.എൽ.എ. പറഞ്ഞു.
Published: 30 Oct 2026, 03:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented