കോഴിക്കോട് : പാളയം മാർക്കറ്റ് ഡൽഹി പാലികാബസാർ മാതൃകയിൽ നവീകരിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം അക്കാര്യത്തിൽ ഉറപ്പുതന്നിട്ടുണ്ടെന്നും എം.കെ. രാഘവൻ എം.പി. പറഞ്ഞു. പാളയം പച്ചക്കറി ആൻഡ് ഫ്രൂട്ട്‌സ് അനുബന്ധമേഖല കോഡിനേഷൻ കമ്മിറ്റി നടത്തിയ കോർപ്പറേഷൻ ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

പാളയം മാർക്കറ്റ് കോഴിക്കോടിന്റെ പൈതൃകമാണ്. നിലവിലുള്ള മാർക്കറ്റ് എന്തുകൊണ്ടാണ് ആധുനികവത്കരിക്കാത്തത്. ആരുടെ താത്പര്യമാണ് കോർപ്പറേഷൻ സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം. കല്ലുത്താൻകടവിൽ വാഹനം നിർത്താൻപോലും സൗകര്യമില്ല. കോർപ്പറേഷൻ മാന്യമായ പരിഹാരംകാണണം. പാളയം മാറ്റുന്നതിനെതിരേ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും എം.പി. പറഞ്ഞു.

കോഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് അധ്യക്ഷനായി. ബി.ജെ.പി. സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു, കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ്, ബാപ്പുഹാജി, അഹമ്മദ്കുട്ടി ഉണ്ണികുളം, കെ. രാജീവ്, ഇ.സി. സതീശൻ, സി.പി. രാജേഷ്, പി.എം. ഹനീഫ, എ. ടി. അബ്ദു, എം. മുഹമ്മദ് ബഷീർ, മനാഫ് കാപ്പാട്, ഹരിനാരായണൻ തുടങ്ങിയവർ സംസാരിച്ചു.

രാവിലെമുതൽ ഉപരോധം

മാർക്കറ്റ് പാളയത്തുതന്നെ നിലനിർത്തുക, ലൈസൻസ് പുതുക്കിനൽകുക, വാടക സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം. പാളയത്തെ വഴിയോരക്കച്ചവടക്കാരും സമരത്തിന്റെ ഭാഗമായി. മാർക്കറ്റ് അടച്ചിട്ടായിരുന്നു പ്രതിഷേധം. പാളയം കെട്ടിടം അപകടാവസ്ഥയിലാണെന്ന എൻ.ഐ.ടി. റിപ്പോർട്ടിനെ മറയാക്കി അവിടെനിന്ന് കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് തൊഴിലാളികൾ ആരോപിച്ചു.

കോർപ്പറേഷനിൽ എത്തിയ ജീവനക്കാർക്ക് ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാൻകഴിഞ്ഞില്ല. ഓഫീസിന്റെ രണ്ട് ഗേറ്റും ഉപരോധിച്ചു. 12 വരെ സമരം തുടർന്നതിനാൽ പല ജീവനക്കാർക്കും പുറത്തുതന്നെ നിൽക്കേണ്ടിവന്നു.