പേരാമ്പ്ര : ജപ്തിനടപടിയെത്തുടർന്ന് കൂത്താളിയിൽ കവിത ജീവനൊടുക്കിയ സംഭവത്തിൽ മാനുഷികപരിഗണനയില്ലാത്ത സമീപനമാണ് ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ടി.എം. തോമസ് ഐസക് കുറ്റപ്പെടുത്തി. കുടുംബത്തിന്റെ കടം എഴുതിത്തള്ളുകയും നഷ്ടപരിഹാരം നൽകുകയും വേണം. ശക്തമായ സമരം ബാങ്കിനുമുന്നിലുണ്ടാകും. ജനകീയ ഉപരോധത്തിലേക്ക് വലിച്ചിഴയ്ക്കാതെ തങ്ങളുടെ ഭാഗത്തുനിന്ന് വന്ന വീഴ്ച മനസ്സിലാക്കി ഒത്തുതീർപ്പിലെത്തണം.
മുതലാളിമാരുടെ കോടിക്കണക്കിന് രൂപ ബാങ്കുകൾ എഴുതിത്തള്ളുകയാണ്. കടത്തിന്റെ 99.5 ശതമാനം തുകയാണ് അടുത്തിടെ ഒരു ബാങ്ക് തള്ളിയത്. സാധാരണക്കാരുടെ കുടുംബത്തെ ജപ്തിയുടെ പേരിൽ വേട്ടയാടുന്നത് അംഗീകരിക്കാനാകില്ല. സമയംനൽകിയാൽ വീട്ടുകാർ പണമടയ്ക്കുമായിരുന്നു. അതിനുപകരം സാവകാശം നൽകാതെ ഇപ്പോൾ ജപ്തിചെയ്യുമെന്നുപറഞ്ഞ് ആധിപിടിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് ഒരുവിധത്തിലും ന്യായീകരിക്കാനാകില്ലെന്ന് തോമസ് ഐസക് പറഞ്ഞു. കൂത്താളിയിലെ വീട് സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം. നേതാക്കളായ വി.കെ.സി. മമ്മദ് കോയ, എം. കുഞ്ഞമ്മദ്, എ.കെ. ബാലൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
: കവിത ജീവനൊടുക്കിയ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. പ്രസാദ് എം.എൽ.എ. ആവശ്യപെട്ടു. കവിതയുടെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായ്പ തിരിച്ചടയ്ക്കാനായി സാവകാശംതേടി കുടുംബം ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും നൽകിയില്ല. ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഗൗരവത്തിൽ കാണണം. കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യത്വരഹിതമായ കാര്യങ്ങൾ ഒഴിവാക്കി 2002-ലെ കേന്ദ്ര സർഫാസി നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തയ്യാറാവണം. ജപ്തിനടപടികളിൽനിന്ന് കിടപ്പാടം ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങൾ നടപ്പാക്കണം. എൽ.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന ഏക കിടപ്പാട സംരക്ഷണനിയമം നടപ്പാക്കുന്നതിൽ യു.ഡി.എഫ്. സർക്കാർ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ. ജില്ലാ സെക്രട്ടറി പി. ഗവാസ്, സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ബാലൻ, ജില്ല എക്സിക്യുട്ടീവ് അംഗം അജയ് ആവള, ടി. ഭാരതി, വിനോദ് തിരുവോത്ത്, ശശി കിഴക്കൻ പേരാമ്പ്ര എന്നിവർ ഒപ്പമുണ്ടായിരുന്നു.
കടം എഴുതിത്തള്ളി നഷ്ടപരിഹാരം നൽകണം -കോൺഗ്രസ്
കൂത്താളി : ജപ്തിനടപടിയെത്തുടർന്ന് കവിത ജീവനൊടുക്കിയ സംഭവത്തിൽ കടം എഴുതിത്തള്ളി കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ നടപടിയെടുക്കണം. പണം തിരിച്ചടയ്ക്കുന്നതിന് അഞ്ചുദിവസം സാവകാശം ചോദിച്ചിട്ട് അതുപോലും നൽകാൻ തയ്യാറാകാത്ത ബാങ്ക് അധികൃതരുടെ നടപടിയിൽ ദുരൂഹതയുണ്ട്. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് രാജൻ കെ. പുതിയേടത്ത് അധ്യക്ഷനായി. തണ്ടോറ ഉമ്മർ, മോഹൻദാസ് ഓണിയിൽ, സി.കെ. ബാലൻ ഇ.ടി. സത്യൻ, പി.കെ. ശ്രീധരൻ, എൻ.കെ. കുഞ്ഞബ്ദുള്ള, എൻ.എം. മണി, കെ.എം. സുരേന്ദ്രൻ, ഇ.വി. മനോജൻ എന്നിവർ സംസാരിച്ചു.
: ബാങ്കിെൻറ ജപ്തിനടപടിയിൽ കൂത്താളിയിൽ കവിത ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രമായ അന്വേഷണംനടത്തി കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് കൂത്താളി ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ ആവശ്യപ്പെട്ടു.
അഞ്ചുദിവസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടും നൽകാത്ത ബാങ്ക് തീരുമാനം മനുഷ്യത്വരഹിതമാണ്. മരണപെടുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് ഉണ്ടായിട്ടും പെട്ടെന്ന് പോയെന്ന കുടുംബത്തിന്റെ പരാതി ഗൗരവമുള്ളതാണ്.
കടം എഴുതിത്തള്ളി കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും ബാങ്ക് അധികൃതർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വിധ സഹകരണവും കുടുംബത്തിന് നൽകുമെന്നും ഗ്രാമപ്പഞ്ചായത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും തണ്ടോറ ഉമ്മർ അറിയിച്ചു.
: ബാങ്കിന്റെ ജപ്തിനടപടി കാരണം കൂത്താളിയിൽ കവിത ജീവനൊടുക്കിയ സംഭവത്തിൽ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് എൽ.ഡി.എഫ്. പേരാമ്പ്ര മണ്ഡലം കൺവീനർ പി.കെ.എം. ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. സമഗ്രാന്വേഷണം നടത്തി ബാങ്ക് അധികൃതർക്കെതിരേ നടപടിസ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Published: 16 Nov 2026, 02:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented