വടകര : ക്ഷേത്രോത്സവത്തിന്റെ ആവേശത്തിന് സാംസ്‌കാരികപ്പെരുമയുടെ നിറംപകരുകയാണ് ചോയ്യോത്ത് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ‘പുതിയാപ്പ് ഫെസ്റ്റ്.’ വൈവിധ്യമാർന്ന കലാപരിപാടികളും വിൽപ്പനസ്റ്റാളുകളും ഭക്ഷ്യമേളയും വിനോദോപാധികൾ കൊണ്ടും നാടിന്റെ ഉത്സവമായി ഫെസ്റ്റ് മാറി.

To advertise here,

60 വർഷമായി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രണ്ടുദിവസം കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ടെങ്കിലും ആദ്യമായാണ് പുതിയാപ്പ് ഫെസ്റ്റ് എന്നപേരിൽ ഏഴുദിവസം നീളുന്ന വിപുലമായ സാംസ്‌കാരികോത്സവം ഒരുക്കുന്നത്. വർഷങ്ങളായി ക്ഷേത്രോത്സവത്തിന് എത്തിച്ചേരുന്ന ആളുകളുടെ എണ്ണം വളരെക്കൂടുതലാണ്. ഇവിടുത്തെ പൂക്കലശം വരവും ശ്രദ്ധേയമാണ്. ഇതിന് മുന്നോടിയായാണ് ഇത്തവണ വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്‌കരിച്ചത്.

നാടകപ്രേമികൾക്കും സംഗീതാസ്വാദകർക്കും നൃത്തത്തെ ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. നാടകം, നാടൻപാട്ട്, മാജിക് ഷോ, നാട്ടരങ്ങുകൾ, ലൈവ് മ്യൂസിക് ഷോ തുടങ്ങിയവ അരങ്ങേറുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ നടന്ന പരിപാടികൾക്ക് സാക്ഷ്യംവഹിക്കാൻ ആയിരങ്ങളെത്തി. പരമ്പരാഗത കലാരൂപങ്ങൾക്കും ആധുനിക കലാവിഷ്‌കാരങ്ങൾക്കും ഒരുപോലെ ഇടംനൽകുന്ന രീതിയിലാണ് പരിപാടികൾ. കുട്ടികൾക്കായി പ്രത്യേക വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്.

കലാവിരുന്നിനൊപ്പം രുചിയുടെ വൈവിധ്യങ്ങളും ഫെസ്റ്റിന്റെ പ്രധാന ആകർഷണമാണ്. തനത് ഭക്ഷണവിഭവങ്ങൾ ഉൾപ്പെടെ വിവിധ രുചികൾ പരിചയപ്പെടുത്തുന്ന ഫുഡ് കോർട്ടുകളുണ്ട്. രാമശ്ശേരി ഇഡ്ഡലി, വനസുന്ദരി ചിക്കൻ തുടങ്ങിയ വിഭവങ്ങളാണ് ഹിറ്റ്. വ്യത്യസ്തരുചികൾ തേടിയെത്തുന്നവർക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനെത്തുന്നവർക്കും ഫുഡ് കോർട്ടുകൾ പുതിയ അനുഭവമാണ് നൽകുന്നത്. വ്യാഴാഴ്ച കെ.പി.എ.സി.യുടെ ‘അശ്വമേധം’ നാടകം ഉണ്ടാകും. പി.കെ. സതീശൻ ചെയർമാനും കെ.പി. ജിനീഷ് ജനറൽ കൺവീനറുമായ സംഘാടകസമിതിയാണ് ഫെസ്റ്റിന് നേതൃത്വംനൽകുന്നത്. ക്ഷേത്രോത്സവത്തിന്റെ പരമ്പരാഗത ആഘോഷത്തിന് സാംസ്‌കാരികക്കൂട്ടായ്മയുടെ മുഖംനൽകുകയാണ് പുതിയാപ്പ് ഫെസ്റ്റ്.

വ്യാഴാഴ്ച ക്ഷേത്രോത്സവം ആരംഭിക്കും. രാവിലെ ഏഴിനാണ് കൊടിയേറ്റം. തുടർന്ന് വെള്ളാട്ടുകൾ ഉണ്ടാകും. വെള്ളിയാഴ്ച രാവിലെ എട്ടിന് ചെണ്ടമേളം, വൈകീട്ട് ആറിന് ഗുളികൻ വെള്ളാട്ട്, 7.30-ന് കുട്ടിച്ചാത്തൻ വെള്ളാട്ടം, 8.30-ന് പൂക്കലശം വരവ്, വെള്ളിയാഴ്ച രാവിലെമുതൽ നടക്കുന്ന തിറയാട്ടങ്ങൾക്ക് ശേഷം വൈകീട്ട് മൂന്നിന് നടയടയ്ക്കും.