പിറവത്ത് 1.69 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി
പിറവം : മൂവാറ്റുപുഴവാലി ജലസേചന പദ്ധതി (എം.വി.ഐ.പി) യുടെ പിറവം നിയോജകമണ്ഡലത്തിലെ വിവിധ കനാലുകൾ പുനരുദ്ധരിക്കാൻ 1.69 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു.
നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായുള്ള പ്രവൃത്തികൾക്ക് 1,69,45,000 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചതെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. എം.വി.ഐ.പി. കനാലുകളുടെ പുനരുദ്ധാരണത്തിന് ആകെ 77 പ്രവൃത്തികൾക്കായി ആറു കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചിരിക്കുന്നത് പിറവം നിയോജക മണ്ഡലത്തിനാണെന്ന് മന്ത്രി അറിയിച്ചു.
പ്രധാന കനാലുകളും ബ്രാഞ്ച് കനാലുകളും ഡിസ്ട്രിബ്യൂട്ടറികളും ക്രോസ് ഡ്രെയിനേജ് സംവിധാനങ്ങളും വിവിധയിടങ്ങളിൽ കേടുപാടുകൾ പറ്റിയ നിലയിലാണ്. കനാൽ ലൈനിങ്ങിലെ തകർച്ചയും വിള്ളലുകളും മണ്ണും ചെളിയും അടിഞ്ഞുകൂടുന്നതും സംരക്ഷണഭിത്തികളുടെ നാശവും ക്രോസ് ഡ്രെയിനേജ് ഘടനകളുടെ ജീർണാവസ്ഥയും ജലവിതരണത്തിന്റെ കാര്യക്ഷമതയെ ബാധിച്ചിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിലൂടെ നീരൊഴുക്ക് സുഗമമാക്കി ജലവിതരണം കാര്യക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്.
തകർന്ന പാർശ്വ ഭിത്തികൾ പുനരുദ്ധരിക്കുന്നതിന് 79.50 ലക്ഷം രൂപയും വാർഷിക അറ്റകുറ്റപ്പണികൾക്കായി 55.70 ലക്ഷം രൂപയും അനുബന്ധ പ്രവൃത്തികൾക്ക് ഒൻപത് ലക്ഷവും വകയിരുത്തിയിട്ടുണ്ട്. മലങ്കരയിൽ നിന്നുള്ള മൂവാറ്റുപുഴ-പിറവം പ്രധാന കനാലിന്റെ വാർഷിക അറ്റകുറ്റപ്പണികൾക്ക് മൂന്നുലക്ഷം രൂപയും അനുബന്ധ പ്രവൃത്തികൾക്ക് ആറുലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
പിറവം-കടുത്തുരുത്തി കനാലിലെ വിവിധ പ്രവൃത്തികൾക്ക് 4.96 ലക്ഷം രൂപയും മുളക്കുളം ബ്രാഞ്ച് കനാലിന്റെ വാർഷിക അറ്റകുറ്റപ്പണികൾക്ക് നാലുലക്ഷം രൂപയും രാമമംഗലം ബ്രാഞ്ച് കനാൽ പ്രവൃത്തികൾക്ക് 13.50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
Published: 26 Nov 2026, 03:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented