കോഴിക്കോട്: പ്രായം 76 ആയെങ്കിലും പവർലിഫ്റ്റിങ് വേദികളിൽ മത്സരാർഥിയായും സംഘാടകനായും നിറഞ്ഞുനിൽക്കുകയാണ് സി. പ്രേമചന്ദ്രൻ. കഴിഞ്ഞ ദിവസം നടന്ന ജില്ലാ ചാമ്പ്യൻഷിപ്പിൽ 70 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 150 കിലോഗ്രാം ഉയർത്തി 'സ്‌ട്രോങ് മാൻ ഓഫ് കോഴിക്കോട്' ആയി അദ്ദേഹം വീണ്ടും കരുത്തു തെളിയിച്ചു.

To advertise here,

മത്സരിക്കുന്ന ഭാര-പ്രായവിഭാഗങ്ങൾ മാറുന്നുണ്ടെങ്കിലും 56 വർഷമായി മത്സരവേദികളിൽ പ്രേമചന്ദ്രനുണ്ട്. 20 വർഷം മുൻപ് വരെ വലിയങ്ങാടിയിൽ അരികച്ചവടമായിരുന്നു അദ്ദേഹത്തിന്. സംസ്ഥാന, ദേശീയ തലങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. 2009 ൽ കോമൺ വെൽത്ത് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 60 കിലോഗ്രാം വിഭാഗത്തിൽ രാജ്യത്തിനായി റെക്കോഡോടെ സ്വർണമെഡൽ നേടി.

15 വർഷത്തോളം ജില്ലാ പവർ ലിഫ്റ്റിങ് അസോസിയേഷന്റെ സെക്രട്ടറിയായിരുന്നു. സംസ്ഥാന പവർലിഫ്റ്റിങ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ, സംസ്ഥാന അസോസിയേഷനുകളുടെ രക്ഷാധികാരിയാണ്. ജിമ്മിൽ വ്യയാമത്തിന് പോയതിലൂടെയാണ് പവർലിഫ്റ്റിങിലേക്ക് ആകർഷിക്കപ്പെട്ടതെന്ന് സി. പ്രേമചന്ദ്രൻ പറഞ്ഞു. കരുവിശ്ശേരി ‘തീർഥ’യിൽ ഭാര്യ ശാന്തയോടൊപ്പമാണ് താമസം. നാലുമക്കളുണ്ട്.