രാമനാട്ടുകര : കരാറുകാരന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം ഒച്ചിനെപ്പോലും നാണിപ്പിക്കുന്ന റോഡ് നിർമാണം. നിർമാണക്കാലാവധി നാലുതവണ നീട്ടിക്കൊടുക്കൽ, പണി തുടങ്ങി ഒരുവർഷം കഴിഞ്ഞു, വൈദ്യുതിത്തൂണുകൾ മാറ്റൽ, പാറമ്മൽ-പുതുക്കോട് റോഡിന്റെ നവീകരണത്തിന്റെ ഒരു ഏകദേശ ചിത്രമാണിത്. പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന പദ്ധതി പ്രകാരം 4.10 കോടി രൂപ ചെലവിൽ 3.4 കിലോമീറ്റർ ദൂരം റോഡ് നവീകരിക്കുന്ന പണി കണ്ടാൽ ആരും അന്തംവിട്ടുപോകും.
2024 ഡിസംബർ മൂന്നിന് തുടങ്ങിയ റോഡ് നവീകരണത്തിൽ ആദ്യത്തെ കരാർ കാലാവധി കഴിയാൻ പോകുന്ന സമയത്താണ് റോഡിലെ വൈദ്യുതിത്തൂണുകൾ മാറ്റാനായി കരാറുകാരൻ വൈദ്യുതിബോർഡിൽ തുക അടെച്ചന്ന് പറയുമ്പോൾത്തന്നെ അനാസ്ഥയുടെ രൂപം വ്യക്തമാകും.
ഏറ്റവും വലിയ തമാശ റോഡിലെ മാറ്റാനുള്ള മുഴുവൻ തൂണുകളും മാറ്റിയില്ല എന്നതാണ്. ജല അതോറിറ്റിയുടെ പൈപ്പ് മാറ്റാൻ തുക അടച്ചത് നിയമസഭാ തിരഞ്ഞെടുപ്പ് സമയമായതിനാൽ അതും വൈകി. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലാത്തതും കരാറുകാരന് പണിക്കാർ കുറവായതുമാണ് രണ്ടുവർഷമായിട്ടും റോഡുപണി ഇഴഞ്ഞുനീങ്ങാൻ കാരണം.
റോഡ് പൊളിച്ച് സോളിങ് നടത്തിയതിനാൽ വാഹനങ്ങൾ പോകുമ്പോൾ തെന്നിവീഴുന്നത് പതിവാണ്. ഞായറാഴ്ച ഒരു സ്കൂട്ടർ യാത്രക്കാരൻ കല്ലിൽ തട്ടി തെന്നിവീണു പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സ തേടി. റോഡിലെ ഓടനിർമാണം രണ്ടുവർഷമായിട്ടും പൂർത്തിയായിട്ടില്ല. ജല അതോറിറ്റിയുടെ പൈപ്പ് ജെ.സി.ബി. തട്ടി പൊട്ടിയതുകാരണമുള്ള ലീക്കും പരിഹരിക്കാനുണ്ട്.
റോഡിന്റെ അവസ്ഥയെക്കുറിച്ചു മേൽനോട്ടം നടത്തുന്ന ഡി.ആർ.ഡി.എ. എക്സിക്യൂട്ടീവ് എൻജിനീയറോട് ചോദിച്ചപ്പോൾ പറഞ്ഞത് 30 മുതൽ ടാറിങ്ങിനു മുന്നോടിയായിട്ടുള്ള വെറ്റ് മിക്സ് മെക്കാഡം ചെയ്യുമെന്നാണ്. ഡിസംബർ 31-ന് ഉള്ളിൽ റോഡ് നിർമാണം പൂർത്തിയാക്കുമെന്നും എക്സിക്യുട്ടീവ് എൻജിനീയർ പറയുന്നു. റോഡ് കരാർ കാലാവധി നാല് തവണ നീട്ടിയതിനാൽ ഇത് എത്രമാത്രം ശരിയാകുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
Published: 25 Nov 2026, 03:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented