അരൂർ :കൂട്ടുകാർക്ക് മുന്നിൽ വീശുവലയെറിഞ്ഞ ജീവരാജ് കെ.ജെ. താരമായത് പൊടുന്നനെ. വലയിൽ കുടുങ്ങിയ മീനുകളെ കണ്ണിമുറിയാതെ കരക്കെത്തിച്ച ആ കരവിരുത് കണ്ട് ഒപ്പമുണ്ടായിരുന്നവരും പരീക്ഷണത്തിന് മുതിർന്നു. എന്നാൽ കൈയിൽ കോതിയൊതുക്കിയ വല എറിഞ്ഞപ്പോൾ വിരിഞ്ഞില്ല എന്ന് മാത്രം. ചിലർ വലവീശുന്ന ആയത്തിൽ കാലിടറി വീഴുവാൻ തുടങ്ങി. കായലിനെ ആശ്രയിച്ച് ജീവിക്കുന്നവരെ അടുത്തറിയാൻ എത്തിയ വിദ്യാർഥികൾക്ക് മുന്നിലാണ് വലവീശൽ വെല്ലുവിളിയായത്. വലവീശൽ പരീക്ഷണത്തിന് പിന്നാലെ കക്കയടക്കം വാരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളോട് കുട്ടികൾ ആശയവിനിമയം നടത്തി.

To advertise here,

‘സ്‌നേഹനദി’ പദ്ധതിയുടെ ഭാഗമായാണ് ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വൊളന്റിയേഴ്‌സ് ജലാശയങ്ങളെ ആശ്രയിക്കുന്നവരെ സന്ദർശിച്ചത്.

വേലിയേറ്റ വെള്ളപ്പൊക്കവും അറവ് ശാലകളിലെ മാലിന്യം തള്ളലുമെല്ലാം കായലോര മേഖല അനുഭവിയ്ക്കുന്ന ദുരിതങ്ങളാണെന്ന് വൊളന്റിയേഴ്‌സ് മനസ്സിലാക്കി. പ്രോഗ്രാം ഓഫീസർ ഹിലാൽ മുഹമ്മദ് നേതൃത്വം നൽകി.