കൊച്ചി : രാജ്യം സവിശേഷമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഭയം ജനത്തെ നിശ്ശബ്ദരാക്കുകയാണെന്നും മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് വൃന്ദാ കാരാട്ട് അഭിപ്രായപ്പെട്ടു. ഈ നിശ്ശബ്ദത ഭേദിക്കാൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്നും അവർ ആവശ്യപ്പെട്ടു.
സെയ്ൻറ് തെരേസാസ് കോളേജിൽ പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിച്ച ‘മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്സ്’ പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അവർ.
വിദ്വേഷകലുഷിതമായ രാജ്യത്ത് നീതിയും തുല്യതയും സ്വാതന്ത്ര്യവും ജനങ്ങൾക്ക് അപ്രാപ്യമായിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ തിരിച്ചുപിടിക്കാൻ വിദ്യാർഥിസമൂഹം പഠനത്തോടൊപ്പം പോരാട്ടത്തിനും ഇറങ്ങണം. സ്വാതന്ത്ര്യം ലഭിച്ച് എൺപതാം വർഷത്തിലേക്ക് കടക്കുമ്പോഴും നിർഭയമായ സ്ത്രീജീവിതം രാജ്യത്ത് സാധ്യമാവുന്നില്ല. കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കീസ് ബാനു കാൽനൂറ്റാണ്ടായി നീതിക്കായി പോരാടുന്നു. ആ പോരാട്ടത്തിന് കരുത്തുപകരാൻ വിദ്യാർഥിസമൂഹത്തിന് ബാധ്യതയുണ്ട്.
ദളിത് ആദിവാസി സമൂഹങ്ങളെ മനുഷ്യരായി പരിഗണിക്കാൻ പോലും തയ്യാറാവാത്ത സാമൂഹികാവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും ഇതിന് മാറ്റംവരുത്താൻ വിദ്യാർഥിസമൂഹത്തിന് കഴിയണമെന്നും അവർ പറഞ്ഞു. പ്രൊഫ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ്, ഡയറക്ടർ സിസ്റ്റർ ഫ്രാൻസിസ് ആൻ, െപ്രാവിൻഷ്യാൾ സുപ്പീരിയറും മാനേജരുമായ സിസ്റ്റർ നീലിമ, പ്രൊഫ. അനുപ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർഥികളുമായുള്ള സംവാദത്തിൽ മികച്ച ചോദ്യങ്ങൾക്ക് ഇന്ദ്രജിത്ത് (കൊച്ചിൻ കോളേജ്), ആദിത്യൻ (ആൽബർട്ട്യൻ ഇൻസ്റ്റിറ്റ്യൂഷൻ), ഗൗരി (സെയ്‌ൻറ് തെരേസാസ്) എന്നിവർ സമ്മാനാർഹരായി. മുതിർന്ന മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് മോഡറേറ്ററായിരുന്നു.
Published: 26 Nov 2026, 03:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented