കൂത്താട്ടുകുളം : കനത്ത മഴയെ തുടർന്ന് കിഴകൊമ്പ് ചമ്പമല- മുത്തോലപുരം റോഡിലെ വലിയവിരിപ്പുഭാഗത്ത് സംരക്ഷണഭിത്തി തകർന്നു. 10 മീറ്റർ ഉയരത്തിൽ കരിങ്കല്ലുകൊണ്ട് നിർമിച്ച സംരക്ഷണഭിത്തിയുടെ 15 മീറ്റർ നീളത്തിലുള്ള ഭാഗത്തെ മണ്ണും കല്ലും താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
റോഡിന്റെ വശത്തുള്ള ഇരുമ്പുകൊണ്ട് നിർമിച്ച സുരക്ഷിതവേലി തകർന്നിട്ടില്ല. നഗരസഭാ ചെയർമാൻ റെജി ജോൺ, കൗൺസിലർമാരായ പി.സി. ഭാസ്കരൻ, ടി.എസ്. സാറ എന്നിവർ സ്ഥലത്തെത്തി. പൊതുമരാമത്ത് വിഭാഗം അധികൃതരെ വിവരമറിയിച്ചു. അപകടഭീഷണിയെ തുടർന്ന് വലിയവിരിപ്പ്-ചമ്പമല റോഡിൽ ഗതാഗതം നിരോധിച്ചതായി നഗരസഭാ അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച പൊതുമരാമത്ത് വിഭാഗം എൻജിനിയർമാർ സ്ഥലത്തെത്തി പരിശോധന നടത്തും. വർഷങ്ങൾക്കുമുൻപ് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച റോഡാണ്. മണ്ണിട്ട് നികത്തി റോഡിന്റെ വശത്തെ കരിങ്കൽഭിത്തി നിർമ്മിച്ചതായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്കൂർ നീണ്ട മഴയിൽ കൂത്താട്ടുകുളം മേഖലയിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൂത്താട്ടുകുളം ടൗണിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മാറിക-കരിമ്പന റോഡിൽ ബുധനാഴ്ച രാത്രിയിൽ നടക്കേണ്ട ടാറിങ് ജോലികൾ മാറ്റിവെച്ചു.
മരം ഒടിഞ്ഞുവീണ് അണ്ടിച്ചിറ-ഓണക്കൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഓണക്കൂർ റോഡിൽ വെള്ളാരംകുന്ന് കവലയ്ക്കുസമീപം വലിയ മരം വീണ് വൈദ്യുതി പോസ്‌റ്റ് ഒടിഞ്ഞു. വൈദ്യുതകമ്പികൾ പൊട്ടി വൈദ്യുതി തടസ്സപ്പെട്ടു.
വാർഡ് മെംബർ ബിനോയ് കള്ളാട്ടുകുഴി സ്ഥലത്തെത്തി അഗ്‌നിരക്ഷാസേന, കെ.എസ്. ഇ.ബി അധികൃതരെ വിവരമറിയിച്ചു. കൂത്താട്ടുകുളം ഫയർഫോഴ്‌സ് സീനിയർ റെസ്‌ക്യു ഓഫീസർ എം.വി. ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് സംഘം മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
ബിനോയ് കള്ളാട്ടുകുഴി, ബിജു പുല്ലാനക്കുഴി എന്നിവർ നേതൃത്വം നൽകി.
Published: 26 Nov 2026, 03:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented