ദേശീയ വനിതാപോലീസ് ദിനം

To advertise here,

പട്ടാമ്പി: “തനിക്ക് നേരിട്ടത് ലൈംഗികപീഡനമായിരുന്നെന്നുപോലും കൊപ്പത്തെ ആ പതിനാറുകാരിക്ക് അറിയില്ലായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയംതോന്നിയതിനെത്തുടർന്ന് നടത്തിയ കൗൺസലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്” -പട്ടാമ്പി ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും പട്ടാമ്പി പോക്സോ അതിവേഗ കോടതിയിലെ ലെയ്സൺ ഓഫീസറുമായ എസ്. മഹേശ്വരി പറയുന്നു.

കഴിഞ്ഞവർഷം പട്ടാമ്പി പോക്സോ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച കേസിൽ നിർണായകമായത് എസ്. മഹേശ്വരികൂടിയാണ്. ദിവസങ്ങളോളം കുട്ടിയുമായി ക്ഷമയോടെ സംസാരിച്ചതിനുശേഷമാണ് കുട്ടി നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

കുട്ടികളുടെ മനസ്സിലെ ഭയവും ആശയക്കുഴപ്പവും മാറ്റി അവരെ സംസാരിക്കാൻ പ്രാപ്തരാക്കുക എന്നത് പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായകമാണ്. ഏറെ ദിവസങ്ങളുടെ ശ്രമത്തിനൊടുവിലാണ് കുട്ടികൾ എന്തെങ്കിലും തുമ്പ് പറയുക. ഇത്തരത്തിൽ ഒട്ടേറെ സങ്കീർണ കേസുകളിലൂടെ കടന്നുപോയ അനുഭവമാണ് എസ്. മഹേശ്വരിക്കുള്ളത്.

കഴിഞ്ഞ ആറുവർഷമായി പട്ടാമ്പിയിൽ സേവനമനുഷ്ഠിക്കുന്ന മഹേശ്വരിയുടെ ഔദ്യോഗികജീവിതത്തിലെ പ്രധാന ചുമതലകളിലൊന്നാണ് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ നിയമനടപടികൾ ഏകോപിപ്പിക്കുന്നത്. കുട്ടികളുടെ മൊഴിയെടുക്കൽമുതൽ കേസ് കോടതിയിലെത്തിക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളിൽ ജാഗ്രതയും മാനുഷികസമീപനവും ഒരുപോലെ ആവശ്യപ്പെടുന്ന മേഖലയാണിത്. പട്ടാമ്പിയിൽ പോക്സോ അതിവേഗ കോടതി നിലവിൽവന്ന ശേഷം ലെയ്സൺ ഓഫീസറാണ് മഹേശ്വരി.

പല കേസുകളിലും കുട്ടികൾ ആദ്യം സംഭവിച്ചത് എന്താണെന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടാകില്ല. കുടുംബാംഗങ്ങളോടുള്ള ഭയം, സമ്മർദം, സംഭവത്തെക്കുറിച്ചുള്ള അറിവില്ലായ്മ, സമൂഹത്തോടുള്ള ആശങ്ക തുടങ്ങിയ കാരണങ്ങളാൽ കുട്ടികൾ വിവരങ്ങൾ മറച്ചുവെക്കാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടിയെ ചോദ്യംചെയ്യുന്നതിനു പകരം സുരക്ഷിതമായ അന്തരീക്ഷത്തിൽ സംസാരിക്കാൻ അവസരമൊരുക്കുകയാണ് പ്രധാനമെന്ന് മഹേശ്വരി പറയുന്നു.

കൊപ്പത്തെ പെൺകുട്ടിയുടെ കേസിലും തുടക്കത്തിൽ കാര്യങ്ങൾ വ്യക്തമായിരുന്നില്ല. എന്നാൽ, തുടർച്ചയായ കൗൺസലിങ്ങിനും പിന്തുണയ്ക്കുംശേഷം കുട്ടി നേരിട്ട അനുഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. കേസിന്റെ അന്വേഷണത്തിൽ ഇത് നിർണായകമായി.

ആറുവർഷത്തെ സേവനത്തിനിടെ, കുടുംബത്തിനുള്ളിൽനിന്നുതന്നെ കുട്ടികൾക്ക് നേരിടേണ്ടിവന്ന അതിക്രമങ്ങൾ ഉൾപ്പെടെ ഒട്ടേറെ പോക്സോ കേസുകൾ മഹേശ്വരിയുടെ മുന്നിലെത്തി. ചില കേസുകളിൽ കുട്ടിയുടെ പെരുമാറ്റത്തിലെ ചെറിയ മാറ്റമാണ് സംഭവത്തിന്റെ ചുരുളഴിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് വഴികാട്ടിയായത്.

പോക്സോ കേസുകളിൽ നിയമനടപടികൾക്കൊപ്പം കുട്ടിയുടെ മാനസികസുരക്ഷയ്ക്കും വലിയ പ്രാധാന്യമുണ്ടെന്ന് മഹേശ്വരി പറയുന്നു. കുട്ടിയെ കുറ്റപ്പെടുത്താതെയും ഭയപ്പെടുത്താതെയും കേൾക്കാൻ കഴിയുന്ന സമീപനമാണ് പലപ്പോഴും കേസിന്റെ യഥാർഥ വസ്തുതകളിലേക്ക് എത്താൻ സഹായിക്കുന്നത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ നിയമസംവിധാനത്തിനൊപ്പം കുടുംബത്തിനും സമൂഹത്തിനും വലിയ ഉത്തരവാദിത്വമുണ്ടെന്ന് മഹേശ്വരി പറയുന്നു.

കുട്ടികളുടെ പെരുമാറ്റത്തിലെ അസാധാരണമാറ്റങ്ങൾ ശ്രദ്ധിക്കുക, അവർ പറയുന്നത് ഗൗരവത്തോടെ കേൾക്കുക, സംശയകരമായ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക എന്നിവ നിർണായകമാണ്.

പോലീസിന്റെ സെൽഫ് ഡിഫൻസ് വിഭാഗത്തിൽ പ്രവർത്തിച്ച് നിലവിൽ 20,000-ത്തോളം കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇടിമിന്നൽ സ്‌ക്വാഡിന്റെയും ഭാഗമായിരുന്നു. ജില്ലയിലെ 14 സ്റ്റേഷനുകളിലെ പോക്സോ കേസുകളിൽ പോലീസിന്റെ സഹായിയാണ് മഹേശ്വരി. ഷൊർണൂർ ഗണേശ് ഗിരി മുരുകനിവാസിലാണ് താമസം.