കുഴിയിൽ ചാടാതിരിക്കാൻ ശ്രമിക്കുന്നതിനിടെ മിനിലോറി ബൈക്കിലിടിച്ച് സിവിൽ ഡിഫൻസ് അംഗം മരിച്ചു

To advertise here,

ഒരാൾക്ക് ഗുരുതരപരിക്ക്

ഒറ്റപ്പാലം : കുഴിയിൽ ചാടാതിരിക്കാൻ ശ്രമിക്കുന്നതിനിടെ മിനിലോറിയിടിച്ച് ബൈക്ക് യാത്രികനായ സിവിൽ ഡിഫൻസ് അംഗം മരിച്ചു. ഒറ്റപ്പാലം കണ്ണിയംപുറത്ത് സ്വകാര്യ ആശുപത്രിക്ക് മുൻവശത്തുനടന്ന അപകടത്തിൽ, പാലക്കാട് വിക്ടോറിയ കോളേജിനുസമീപം തൊറപ്പാളയത്തെ സനൂപാണ്‌ (36) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തും സിവിൽ ഡിഫൻസ് അംഗവുമായ കല്പാത്തി അംബികാപുരം കാരേക്കാട്ടുപറമ്പ് സഞ്ജയെ (28) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് സംഭവം. ഇലക്‌ട്രിക്കൽ ജോലിചെയ്യുന്ന സനൂപും സഞ്ജയും ചാവക്കാട്ടുനിന്ന് ജോലികഴിഞ്ഞ് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്നു. പാലക്കാട്ടുനിന്ന് ഷൊർണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു മിനിലോറി. കണ്ണിയംപുറത്ത് റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ ലോറി വെട്ടിച്ചപ്പോൾ എതിർവശത്തുനിന്നുവന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സനൂപിനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സഞ്ജയ്ക്ക് തുടയ്ക്കും വയറിനും തലയ്ക്കുമുൾപ്പെടെ പരിക്കുണ്ട്. മുൻപും അപകടങ്ങൾ നടന്നിട്ടുള്ള പ്രദേശമാണിത്. ഒരുതവണ റെഡിമിക്സുകൊണ്ട്‌ പൊതുമരാമത്തുവകുപ്പ് കുഴിയടച്ചിരുന്നു. അത് ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും തകർന്നു.

പരേതനായ കാജാഹുസൈന്റെയും സഫിയയുടെയും മകനാണ് സനൂപ്. ഹസീനയാണ് ഭാര്യ. ഹന സഹബിയ, ഹെമിൽ ഐബക്ക് എന്നിവരാണ് മക്കൾ.

നാട്ടിലേക്കുതിരിച്ചത് സഹപ്രവർത്തകരുടെ കൂടെ യാത്രയാഗ്രഹിച്ച്

ഒറ്റപ്പാലം : പുലർച്ചെ ചാവക്കാട്ടുനിന്ന് പാലക്കാട്ടേക്ക് ബൈക്കോടിച്ചുവരുമ്പോൾ സിവിൽ ഡിഫൻസിലെ സഹപ്രവർത്തകർക്കൊപ്പം ഒരു വിനോദയാത്രയായിരുന്നു സനൂപിന്റെ മനസ്സിൽ. 40 പേരടങ്ങുന്ന സംഘത്തിന്റെ വിനോദയാത്ര. പക്ഷേ, യാത്ര തുടങ്ങുംമുൻപേ സംഘത്തിലൊരാൾ മറ്റൊരുലോകത്തേക്ക്‌ യാത്രയായി.

അഗ്നിരക്ഷാസേനയുടെ കീഴിലുള്ള ജില്ലയിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ വെള്ളിയാഴ്ച അതിരപ്പിള്ളിയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി ടൂറിസ്റ്റ് ബസ് ഉൾപ്പെടെ സജ്ജമാക്കിയത് സനൂപായിരുന്നു. ആശുപത്രിയിൽ സനൂപിനെ എത്തിക്കുമ്പോൾ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നെന്നും ഇത് ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറായിരുന്നെന്നും ആശുപത്രി അധികൃതർ പറയുന്നു.

അപകടവിവരമറിഞ്ഞ് സിവിൽ ഡിഫൻസിലെ മറ്റംഗങ്ങൾ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോൾ കണ്ടത് ചേതനയറ്റ സനൂപിന്റെ ശരീരം. മറ്റൊരാൾ പരിക്കേറ്റ് ഗുരുതരാവസ്ഥയിലും. ജോലിക്കൊപ്പം സേവനമേഖലയിലും സനൂപ് സജീവമായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. നാട്ടിലൊരു പ്രശ്നമുണ്ടായാൽ സിവിൽ ഡിഫൻസിന്റെ യൂണിഫോംധരിച്ച് സനൂപ് മുന്നിലുണ്ടാകും. വയനാട് മുണ്ടക്കൈ ചൂരൽമലയിലെ ഉരുൾപൊട്ടൽ കാലത്തുൾപ്പെടെ സനൂപ് ഉണ്ടായിരുന്നെന്നും അവർ പറയുന്നു.