വടകര : അനിശ്ചിതത്വങ്ങൾക്കൊടുവിൽ വടകര നഗരസഭയിലെ റോഡുകളുടെ അറ്റകുറ്റപ്പണിയും പുതിയ റോഡുകളുടെ നിർമാണവും തുടങ്ങുന്നു. ടാറിന്റെ വിലവർധനയുമായി ബന്ധപ്പെട്ടാണ് അനിശ്ചിതത്വം നിലനിന്നിരുന്നത്. ടാറിന്റെ വിലവ്യത്യാസം സർക്കാർ നൽകുമെന്ന ഉത്തരവ് വന്നതോടെയാണ് പ്രതിസന്ധി ഒഴിവായത്.

To advertise here,

നഗരസഭയിലെ പ്രവൃത്തിക്ക് ടാർ വന്നുതുടങ്ങിയതായും പ്രവൃത്തി തുടങ്ങിയതായും ചെയർപേഴ്‌സൺ പി.കെ. ശശി പറഞ്ഞു.

യു.എൽ.സി.സി.എസിന് പുറ​േമ മറ്റ് അഞ്ച് കരാറുകാരും കൂടിയാണ് നഗരസഭയിലെ പ്രവൃത്തിചെയ്യുന്നത്. ഇതിന്റെയെല്ലാം കരാർ ഒപ്പുവെച്ചു. 48 വാർഡിലും റോഡുകളുടെ അറ്റകുറ്റപ്പണിക്ക് നാല് ലക്ഷവും ഓവുചാൽ നിർമാണത്തിന് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

കൂടാതെ ഒരു പുതിയ റോഡിനും ഫണ്ടുണ്ട്. ഓരോ വാർഡിലും ശരാശരി 20 ലക്ഷം രൂപയുടെ പ്രവൃത്തികളുണ്ടാകും. കൂടാതെ പൊതുറോഡുകളുടെ പ്രവൃത്തിയുമുണ്ട്.

നഗരസഭയിലെ റോഡുകളുടെ ശോച്യാവസ്ഥയും ഇവയുടെ അറ്റകുറ്റപ്പണി നടത്താത്തതും പ്രവൃത്തി പാതിവഴിയിൽ നിർത്തിയതുമെല്ലാം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചില റോഡുകളിൽ കല്ല് നിരത്തിയിട്ട് ആഴ്ചകളായിട്ടും ടാർ ചെയ്തിരുന്നില്ല. ഇതോടെ ഓട്ടോ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചിരുന്നു.

പാണ്ടികശാല വളപ്പ് വാർഡിലെ റോഡിൽ മെറ്റൽ നിരത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. ഇത്രയും കാലമായിട്ടും ടാർ ചെയ്യാതെ വന്നതോടെ റോഡിൽ യാത്ര ദുസ്സഹമായി. പലയിടത്തും ഇത്തരം പ്രശ്നങ്ങളുണ്ട്‌.

പാണ്ടികശാല വളപ്പിലെ റോഡ് പ്രവൃത്തി ചൊവ്വാഴ്ച തുടങ്ങി. റെയിൽ​േവ സ്റ്റേഷൻ റോഡ്-കീർത്തി തിയേറ്റർ റോഡിലെ കുഴികൾ നികത്തിയിരുന്നെങ്കിലും മെറ്റൽ ഇളറി റോഡാകെ പരന്നത് ഇരുചക്രവാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തിയിരുന്നു. ഒട്ടേറെ ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു. ഇവിടെ ചൊവ്വാഴ്ച ടാറിങ് തുടങ്ങി.

ടാർ വില ഏതാണ്ട് ഇരട്ടിയോളമാണ് പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് കൂടിയത്. യുദ്ധത്തിന് മുൻപ് ടണ്ണിന് 48,000 രൂപയുണ്ടായിരുന്ന ടാർ വില പിന്നീട് ഒരുലക്ഷം രൂപവരെ എത്തി. ഇതോടെയാണ് കരാറുകാർ ടാർ പ്രവൃത്തി നിർത്തിവെച്ചത്.

ടാറിന്റെ വിലവ്യത്യാസം പി.ഡബ്ല്യു.ഡി. പ്രവൃത്തികൾക്ക് നൽകാൻ നേര​േത്ത തന്നെ സർക്കാർ ഉത്തരവിട്ടിരുന്നു. തദ്ദേശസ്വയംഭരണവകുപ്പിന് കീഴിലെ പ്രവൃത്തികൾക്ക് ഇത് ബാധകമാക്കിയത് ഒക്ടോബർ 22-നാണ്.

അഞ്ചിടത്ത് ടാർ പ്ലാന്റ് സെറ്റ് ചെയ്ത് പ്രവൃത്തിവേഗത്തിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശി പറഞ്ഞു.