വിലങ്ങാട് പുഴയിലെ മത്സ്യസമ്പത്ത് ഭീഷണിയിൽ
വിലങ്ങാട് : വിലങ്ങാട് പുഴയിൽ വൈദ്യുതി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതായി വ്യാപകപരാതി. പുഴയിലെ നീരൊഴുക്ക് കുറഞ്ഞ് വെള്ളം താഴുന്ന വേനൽക്കാലത്താണ് ഇത്തരം മത്സ്യബന്ധനം കൂടുതലായി നടക്കുന്നത്. വിലങ്ങാടിന് പുറത്തുനിന്നും മറ്റുപ്രദേശങ്ങളിൽനിന്നും എത്തുന്നവരാണ് കൂടുതലായും ഇത്തരത്തിൽ മീൻപിടിത്തം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നത്.
ഷോക്കടിപ്പിച്ച് മീൻപിടിക്കുന്നതോടെ വലിയ മീനുകൾക്കൊപ്പം ചെറിയ മീനുകളും കുഞ്ഞുങ്ങളും കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ്. മീനുകൾക്ക് പുറമെ ഞണ്ടുകൾ ഉൾപ്പെടെയുള്ള മറ്റ് ജലജീവികളും ഷോക്കേറ്റ് നശിക്കുന്നുണ്ട്. ഷോക്കേൽക്കുന്ന ചില മീനുകൾ ഉടൻ ചത്തുപോകാതെ പിന്നീട് ചത്തൊടുങ്ങുന്നതിനും സാധ്യതയുണ്ട്.ഇത്തരത്തിലുള്ള മത്സ്യബന്ധനം പുഴയിലെ സ്വാഭാവിക മത്സ്യസമ്പത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
പ്രജനനശേഷിയുള്ള മത്സ്യങ്ങൾ നശിക്കുന്നതും പ്രജനനത്തിന് വളരേണ്ട ചെറിയ മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും മത്സ്യങ്ങളുടെ വരുംതലമുറയെ ബാധിക്കും. ഇതോടെ പുഴയിലെ മത്സ്യങ്ങളുടെ എണ്ണം ക്രമേണ കുറയുകയും ചില നാടൻമത്സ്യയിനങ്ങൾ പ്രാദേശികമായി ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുമെന്നാണ് നാട്ടുകാർ പറയുന്നത്.
മത്സ്യങ്ങൾ മാത്രമല്ല, പുഴയിലെ ഭക്ഷ്യശൃംഖലയും ഇതിലൂടെ തകരാറിലാകും. മീനുകളെ ആശ്രയിച്ചുജീവിക്കുന്ന മറ്റ് ജീവികൾക്കും ഇതിന്റെ പ്രത്യാഘാതമുണ്ടാകും.
ജലജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് നാശംസംഭവിക്കുന്നതും പുഴയുടെ ജൈവവൈവിധ്യം കുറയുന്നതും ദീർഘകാല പ്രത്യാഘാതങ്ങളാണ്.കഴിഞ്ഞ കുറേ മാസങ്ങളായി വിലങ്ങാട് പുഴയിൽ ഇത്തരം മത്സ്യബന്ധനം തുടരുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
അധികൃതരുടെ പരിശോധനയും ശക്തമായ നടപടിയും ഇല്ലാത്തതാണ് ഇത്തരം പ്രവണതകൾ ആവർത്തിക്കാൻ കാരണമാകുന്നതെന്നും നാട്ടുകാർ പറയുന്നു. പുഴയിലെ മത്സ്യസമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കാൻ വൈദ്യുതി ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 24 Nov 2026, 04:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented