ബൈപ്പാസ് സ്ഥിരം അപകടക്കെണി

To advertise here,

പേരാമ്പ്ര : പട്ടണത്തിലെ ബൈപ്പാസിൽ കാർ നിയന്ത്രണംവിട്ട് ചായക്കടയുടെ മതിലിലിടിച്ച് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന ചാലിക്കര പുത്തൂർ റിംഷാദ്(27), കോമത്ത് മീത്തൽ ഷെമീം(38) എന്നിവർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ ചിരുതകുന്ന് റോഡ് കവലയിലായിരുന്നു അപകടം. കുറ്റ്യാടി ഭാഗത്തുനിന്ന് പേരാമ്പ്ര ഭാഗത്തേക്ക് വരുകയായിരുന്നു കാർ. ഇറക്കം ഇറങ്ങവെ എതിർവശത്തുള്ള ചായക്കടയുടെ മതിലിലിടിച്ച് മറിയുകയായിരുന്നു.

കാറിന്റെ മുൻഭാഗം പാടെ തകർന്നു. നിർത്തിയിട്ട ബൈക്കും കാറിടിച്ച് മറിഞ്ഞുവീണു. പേരാമ്പ്ര പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ചായക്കടയിൽ പണിനടക്കുന്നതിനാൽ സംഭവസമയം കടയ്ക്കുമുന്നിൽ ആളുകളും വാഹനങ്ങളും ഇല്ലാത്തതിനാൽ കൂടുതൽ അപകടം ഒഴിവായി. ബൈപ്പാസ് റോഡ് സ്ഥിരം അപകടമേഖലയായി മാറുകയാണ്. ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടമാണ് ബൈപ്പാസിലുണ്ടായത്.

കഴിഞ്ഞ തിങ്കളാഴ്ച ബൈപ്പാസിലെ തിരുവോത്ത് ഭാഗത്ത് കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് പൈതോത്ത് റോഡ് കവലയിൽ രണ്ട് കാറുകൾ കൂട്ടിയിടിക്കുകയുമുണ്ടായി. അതിവേഗത്തിൽ വാഹനങ്ങളുടെ വരവിൽ കാൽനടയാത്രക്കാർ പേടിയോടെയാണ് സഞ്ചരിക്കുന്നത്. ഒട്ടേറെ ചെറുറോഡുകൾ ബൈപ്പാസ് കടന്നുപോകുന്നുണ്ട്. പൈതോത്ത് റോഡ് കവലയിലും ഇ.എം.എസ്. ആശുപത്രിക്കവലയിലുമാണ് കൂടുതൽ അപകടങ്ങൾ ഉണ്ടായിട്ടുള്ളത്.