അധികൃതർ അവഗണിക്കുന്നതായി പരാതി

To advertise here,

ബാലുശ്ശേരി : പനങ്ങാട് പഞ്ചായത്തിലെ വയലട വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തുന്ന സഞ്ചാരികൾക്കായി ലക്ഷങ്ങൾ മുടക്കി നിർമിച്ച ഡി.ടി.പി.സി.യുടെ നാച്വറൽ പാർക്ക് കാടുമൂടി നശിക്കുന്നു. കോട്ടക്കുന്ന് ആദിവാസി കോളനിക്ക് സമീപത്തെ റോഡരികിൽ നിർമിച്ച 'നാച്വറൽ പാർക്കാണ് അധികൃതരുടെ പരിപാലനമില്ലാതെ വന്യമൃഗങ്ങളുടെ താവളമായി മാറിക്കൊണ്ടിരിക്കുന്നത്.

വയലട കൂരാച്ചുണ്ട് റോഡിൽനിന്ന് അരക്കിലോമീറ്ററോളം മലമുകളിലേക്ക് സഞ്ചാരിച്ചാൽ ഈ പാർക്കിലെത്താം. വയലട വ്യൂ പോയിന്റിലേക്ക് പോകുന്ന സഞ്ചാരികൾക്ക് നടന്നുക്ഷീണിക്കുമ്പോൾ വിശ്രമിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും വേണ്ടിയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി.) നേതൃത്വത്തിൽ ഈ പാർക്ക് ഒരുക്കിയത്. പൂർണമായും ടൈൽ പാകി മനോഹരമാക്കിയ പാർക്കിൽ രണ്ടുവിശ്രമകേന്ദ്രങ്ങളും പത്തോളം ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരുന്നു. മുൻ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസായിരുന്നു പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് ഒട്ടേറേപ്പേർ ഇവിടെ വിശ്രമത്തിനായി എത്തിയിരുന്നു. എന്നാൽ, പിന്നീട് പരിപാലിക്കാൻ ആളില്ലാതായതോടെയാണ് കാടുമൂടാൻ തുടങ്ങിയത്. നിലവിൽ പാർക്കിൽ നിർമിച്ച ഇരിപ്പിടങ്ങളും വിശ്രമകേന്ദ്രങ്ങളും പൂർണമായും കാടിനുള്ളിലായ അവസ്ഥയിലാണ്. ഇവിടേക്ക് പ്രവേശിക്കാൻപോലും കഴിയാത്തവിധം മുൾച്ചെടികൾ വളർന്നു പന്തലിച്ചിരിക്കുന്നു. പാർക്കിൽനിന്ന് അരക്കിലോമീറ്റർകൂടി മുന്നോട്ടു പോയാൽ കോട്ടക്കുന്ന് ആദിവാസി കോളനിയും മുള്ളൻപാറ വ്യൂ പോയിന്റുമുണ്ട്. ഒരുവശത്ത് വയലടയെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ വലിയപദ്ധതികൾ ആവിഷ്കരിക്കുമ്പോൾ, മറുവശത്ത് നിർമിച്ച അടിസ്ഥാനസൗകര്യങ്ങൾ നശിച്ചുപോകുന്നത് സഞ്ചാരികളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. പാർക്കിലെ കാടു വെട്ടിത്തെളിച്ച് ഇരിപ്പിടങ്ങൾ വീണ്ടും ഉപയോഗ പ്രദമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പാർക്കിന്റെ മുന്നോട്ടുള്ള സംരക്ഷണത്തിന് സന്ദർശകരിൽനിന്ന് ചെറിയൊരു തുക ഈടാക്കുന്നതുവഴി സ്ഥിരമായൊരു വരുമാന മാർഗം കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.