അത്തോളി : ലക്ഷങ്ങൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ അത്തോളി ഗ്രാമപ്പഞ്ചായത്തിലെ വഴിയോരവിശ്രമകേന്ദ്രം ഇപ്പോഴും അടഞ്ഞുതന്നെ.

To advertise here,

ഗ്രാമപ്പഞ്ചായത്ത് ഫണ്ട്, ശുചിത്വ മിഷൻ ഫണ്ട്, ധനകാര്യ കമ്മിഷൻ ഗ്രാന്റ് എന്നിവയുൾപ്പെടെ ഏകദേശം 25 ലക്ഷത്തിലധികം രൂപ ചെലവിട്ട് നിർമിച്ച കേന്ദ്രമാണ് ഉദ്ഘാടനംകഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും അടഞ്ഞുകിടക്കുന്നത്.

കോഴിക്കോട്-കുറ്റ്യാടി സംസ്ഥാനപാതയോരത്ത് പഞ്ചായത്ത് ഓഫീസിന് സമീപമാണ് ഈ വിശ്രമകേന്ദ്രം സ്ഥിതിചെയ്യുന്നത്. ശൗചാലയം, കോഫിഷോപ്പ്, മുലയൂട്ടൽ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളോടെ 2025 ഏപ്രിൽ രണ്ടിനാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ആദ്യ ഒരാഴ്ച പഞ്ചായത്ത് നേരിട്ടുനടത്തിയെങ്കിലും പിന്നീട് നടത്തിപ്പിന് ആളെ ലഭിക്കാതെ വന്നതോടെ കെട്ടിടം പൂട്ടുകയായിരുന്നു.

കോഴിക്കോട്-കുറ്റ്യാടി സംസ്ഥാനപാതയിൽ അത്തോളി ടൗണിൽ പൊതുശൗചാലയങ്ങൾ കുറവായത് യാത്രക്കാരെയും സ്ത്രീകളെയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

ഏറെ പ്രതീക്ഷയോടെ നിർമിച്ച വിശ്രമകേന്ദ്രം അടഞ്ഞുകിടക്കുന്നതോടെ ദൂരയാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾക്കായിപ്പോലും ഇടമില്ലാത്ത അവസ്ഥയാണ്.

കെട്ടിടം അടഞ്ഞുകിടക്കുന്നത് മുതലെടുത്ത് ഇവിടം രാത്രിയിൽ സമൂഹവിരുദ്ധരുടെ താവളമായി മാറുന്നതായും ആക്ഷേപമുണ്ട്. അത്തോളിയെ സംബന്ധിച്ച് പൊതുശൗചാലയങ്ങളുടെ കുറവ് വലിയപ്രശ്നമാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടേണ്ട ഈ കേന്ദ്രം എത്രയുംവേഗം തുറന്നുപ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ പറഞ്ഞു.

ജലലഭ്യത ഉറപ്പാക്കണം

2025 ഏപ്രിൽ രണ്ടിന് ഉദ്ഘാടനംകഴിഞ്ഞ അത്തോളിയിലെ ‘ടേക്ക് എ ബ്രേക്ക്’ കേന്ദ്രം അന്നുമുതൽ അടഞ്ഞുകിടക്കുകയാണ്. ഇത് വീണ്ടും തുറന്നുപ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നത് ആശ്വാസകരമാണ്. എങ്കിലും പൊതുജനങ്ങൾക്ക് ഇത് ഉപയോഗപ്രദമാകാൻ ആവശ്യത്തിന് ജലലഭ്യത ആദ്യം ഉറപ്പാക്കേണ്ടതുണ്ട്. സുരക്ഷ മുൻനിർത്തി പ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റും സി.സി.ടി.വി. ക്യാമറകളും സ്ഥാപിക്കുകയുംവേണം. യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഈ കേന്ദ്രം ആവശ്യമായ സൗകര്യങ്ങളോടെ എത്രയുംവേഗം പ്രവർത്തനസജ്ജമാക്കണം.

അഷറഫ് ചീടത്തിൽ

നാട്ടുകാരൻ, അത്തോളി

ഉടൻ പ്രവർത്തനമാരംഭിക്കും

കുടുംബശ്രീ യൂണിറ്റ് പുതിയ കരാർ ഏറ്റെടുത്തിട്ടുണ്ട്. പ്ലംബിങ് വർക്കുകൾ ചെയ്തുകഴിഞ്ഞു. ഇനി കുടിവെള്ളലഭ്യതകൂടി ഉറപ്പുവരുത്തിയശേഷം പ്രവർത്തനം ആരംഭിക്കും.

എം. ജയകൃഷ്‌ണൻ

അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്