വാണിമേൽ : വാണിമേൽ മലയോരത്തെ ചിറ്റാരിയിൽ ഖനന പ്രവൃത്തി നടത്താനുള്ള നീക്കം നാട്ടുകാരുടെ നേതൃത്വത്തിൽ വീണ്ടും തടഞ്ഞു. പോലീസിന്റെ സംരക്ഷണത്തിൽ ഖനന പ്രവൃത്തി തുടരാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ക്വാറിയിലേക്ക് ബഹുജനമാർച്ച് നടത്താൻ സമരസമിതി തീരുമാനിച്ചു.

To advertise here,

തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ഖനന പ്രവർത്തനത്തിന്റെ ഭാ​ഗമായി തൊഴിലാളികൾ ചിറ്റാരി മലയിലെത്തിയത്. പ്രവൃത്തി ആരംഭിക്കാനുള്ള നീക്കം നടത്തുന്നുവെന്നറിഞ്ഞതോടെ സമരക്കാരും നാട്ടുകാരും സംഘടിച്ചെത്തി.

സമരക്കാർ ക്വാറിസ്ഥലത്തേക്ക് പ്രവേശിക്കാനുള്ള നീക്കം ​േഗറ്റിനു മുൻപിൽവെച്ച് പോലീസ് തടഞ്ഞു. പോലീസിനെ വെട്ടിച്ച് സമരക്കാർ ഖനനഭൂമിയിലേക്ക് കടന്ന് പ്രവൃത്തി തടഞ്ഞു. തുടർന്ന് പോലീസും സമരക്കാരും തമ്മിൽ നടന്ന ചർച്ചയിൽ ഖനന പ്രവൃത്തി താത്‌കാലികമായി നിർത്തിവെച്ചു. കോടതി ഉത്തരവുള്ളതിനാൽ ഖനന പ്രവർത്തനത്തിന് പോലീസ് സംരക്ഷണം നൽകുമെന്ന് പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു.

ചിറ്റാരി മലയിൽ ജനവാസകേന്ദ്രത്തോട് ചേർന്നുള്ള വനാതിർത്തിയിൽ വൻകിട ഖനനം നടത്താനുളള ഖനന മാഫിയയുടെ നീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. നാദാപുരം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. മഴക്കാലത്ത് ഉരുൾപൊട്ടൽ ഭീഷണി ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് ഖനനം നടത്തിയാൽ സമീപത്ത് താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഖനന മാഫിയയുടെ നീക്കത്തിനെതി​േര ശക്തമായ പ്രതിരോധംതീർക്കുമെന്ന് ഡി.വൈ.എഫ്.ഐ. അറിയിച്ചു.