നാദാപുരം : കല്ലാച്ചി ടൗണിലെ റോഡിൽനിന്ന് രാത്രി കളഞ്ഞുകിട്ടിയ പത്തരലക്ഷം രൂപ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതിനു പിന്നാലെ ഉടമകളെ കണ്ടെത്താൻ സഹായിച്ച ബാങ്ക് ജീവനക്കാരനും ഓട്ടോ തൊഴിലാളിക്കും അഭിനന്ദന പ്രവാഹം. കല്ലാച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ തയ്യിൽ സുനീഷ്, നാദാപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി.എം. ലോക്കൽ സെക്രട്ടറിയുമായ പി.കെ. പ്രദീപ് എന്നിവരാണ് പണം പോലീസ് സ്റ്റേഷനിലെത്തിച്ചതും ഉടമസ്ഥരെ കണ്ടെത്താൻ സഹായിച്ചതും. തിങ്കളാഴ്ച രാത്രി എട്ടോടെ ജോലികഴിഞ്ഞ് കല്ലാച്ചിയിൽനിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്നു പ്രദീപനും സുഹൃത്തായ തയ്യിൽ സുനീഷും.
അപ്പോഴാണ് കല്ലാച്ചി ടൗണിലെ കൈരളി കോംപ്ലക്സിനുസമീപം മെയിൻ റോഡിൽ മധ്യഭാഗത്ത് പേപ്പറിൽ പൊതിഞ്ഞുകെട്ടിയ നോട്ടുകെട്ടുകൾ കെട്ടു പൊട്ടി റോഡിൽ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടത്. റോഡിൽ ചിതറിക്കിടന്ന നോട്ടുകെട്ടുകൾ പെറുക്കിയെടുത്ത് ഇരുവരും നാദാപുരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസ് സ്റ്റേഷനിൽനിന്ന് നോട്ടുകെട്ടുകൾ എണ്ണി തിട്ടപ്പെടുത്തി. 500 രൂപയുടെ 21 കെട്ടുകളിലായി 10.5 ലക്ഷം രൂപയുണ്ടായിരുന്നു. അതിനുശേഷം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലും, സുഹൃത്തുക്കൾക്കും സന്ദേശം അയച്ചു.
കുറ്റ്യാടിയിലെ സ്ഥാപനം അവരുടെ തലശ്ശേരിയിലെ ഹെഡ് ഓഫീസിലേക്ക് കൊണ്ടുപോയ പണം ജീവനക്കാരന്റെ ബാഗിൽനിന്ന് തെറിച്ചുപോയതാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവർ തെളിവുകളോടെ സ്റ്റേഷനിലെത്തി സംഖ്യ കൈപ്പറ്റുകയുമായിരുന്നു. എസ്.ഐ. ശ്രീജിത്തിന്റെ സാന്നിധ്യത്തിൽ പണം ഉടമകൾക്ക് കൈമാറി. നികുതി സംബന്ധമായ ആവശ്യത്തിന് കൊണ്ടുപോകുകയായിരുന്ന 11 ലക്ഷം രൂപയായിരുന്നു നഷ്ടമായത്. അഞ്ഞൂറിന്റെ 22 കെട്ടുകളാണ് ജീവനക്കാരൻ കൊണ്ടുപോയത്. ഇതിനിടയിൽ ഒരു കെട്ട് ഏതോ വാഹനയാത്രക്കാരൻ ടൗണിൽനിന്ന് എടുത്തുമാറ്റുന്ന ദ്യശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്.
Published: 29 Oct 2026, 03:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented