അത്തോളി : കൊടശ്ശേരി ഖാദി നെയ്ത്തുകേന്ദ്രത്തിലെ തൊഴിലാളികളുടെ ജീവൻ ഭീഷണിയിൽ.
കോഴിക്കോട് സർവോദയസംഘത്തിനു കീഴിലെ നെയ്ത്തുകേന്ദ്രമാണ് ഷോറൂം നിർമാണത്തോടനുബന്ധിച്ച് ഭാഗികമായി പൊളിച്ചുമാറ്റിയതോടെ നെയ്തുശാല അപകടഭീഷണിയിൽ നിൽക്കുന്നത്. ഇവിടെ ജോലിചെയ്യുന്ന 40-ഓളം വരുന്ന തൊഴിലാളികളാണ് ഏതുനിമിഷവും ഇടിഞ്ഞുവീഴാറായ കെട്ടിടത്തിനുകീഴെ അരപ്പട്ടിണി മാറ്റാൻ ജോലിയെടുക്കുന്നത്.
ഇവിടെ നെയ്ത്തുകാരായി 10 പേരും നൂൽനൂൽപ്പുകാരായി 22 പേരുമാണുള്ളത്. ഇതിനോടുചേർന്നുള്ള വിൽപ്പനകേന്ദ്രം നവീകരിച്ച് ഷോറൂമാക്കി മാറ്റാൻ വേണ്ടിയുള്ള നിർമാണപ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.
ഇതിനുവേണ്ടി ഇതിനോടുചേർന്നുള്ള നെയ്ത്തുകേന്ദ്രത്തിന്റെ ഒരു ഭാഗം ഓടുമാറ്റി തുറന്നിട്ടിരിക്കുകയാണ്. ഇതിലൂടെ മഴവെള്ളം കയറി നെയ്ത്തുശാലയിൽ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും നൂലും വെള്ളത്തിലായിരിക്കുകയാണ്.
40 വർഷത്തിലധികം പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തിന്റെ കൈക്കോലും പട്ടികയും ചിതലരിച്ചുവീഴാറായ അവസ്ഥയിലാണ്. ഇതിനുതാഴെയാണ് ദിവസേന 15-ലേറെ തൊഴിലാളികൾ അവരുടെ ഉപജീവനാർഥം തൊഴിലെടുക്കേണ്ടിവരുന്നത്.
ഇവർക്ക് സുരക്ഷയൊരുക്കാൻ കോഴിക്കോട് സർവോദയസംഘം യാതൊരുവിധ മുൻകരുതലും എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നിലവിൽ പൊളിച്ചുമാറ്റിയ നെയ്ത്തുശാലയുടെ മേൽക്കൂര മാറ്റാനുള്ള ഫണ്ട് ഇതുവരെ സർവോദയ സംഘം അനുവദിച്ചിട്ടുമില്ല എന്നും പരാതിയുണ്ട്.
ഖാദികമ്മിഷനിൽനിന്ന് ലഭിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ഷോറൂമിന്റെ നവീകരണം നടക്കുന്നത്.
ജില്ലയിൽത്തന്നെ നല്ലരീതിയിൽ നെയ്ത്തുനടക്കുന്ന ഒരു സ്ഥാപനമാണ് കൊടശ്ശേരി ഖാദികേന്ദ്രം.
പ്രതിമാസം ശരാശരി 310 മീറ്ററോളം ഷർട്ട് തുണി ഇവിടെ നെയ്യാറുണ്ട്.
പരിഹാരം വേണം
ഒരുമാസത്തിലധികമായി സുരക്ഷിതമല്ലാത്ത കെട്ടിടത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളെ സന്ദർശിക്കാനോ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനോ കോഴിക്കോട് സർവോദയ സംഘം ഭാരവാഹികൾ തയ്യാറായിട്ടില്ലെന്ന് തൊഴിലാളികൾ പരാതിപ്പെട്ടു.
പൊളിച്ചുമാറ്റിയിട്ട് ഒന്നരമാസം
സെപ്റ്റംബർ 10-ന് പൊളിച്ചുമാറ്റിയതാണ്, ഇതുവരെ മേൽക്കൂര ശരിയാക്കിയിട്ടില്ല. നിലവിൽ വിൽപ്പന തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. അടിയന്തരമായി മേൽക്കൂര സുരക്ഷിതമാക്കി തൊഴിലാളികൾക്ക് ജോലിചെയ്യാനുള്ള അവസരമുണ്ടാക്കണം.
സുനിൽ കൊളക്കാട്
അത്തോളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്
Published: 29 Oct 2026, 03:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented