കോഴിക്കോട് : സൂപ്പർക്രോസ് റേസിങ് ലീഗിന് വിട്ടുനൽകിയശേഷം സ്റ്റേഡിയം ഭാഗികമായി നശിച്ചതുമായി ബന്ധപ്പെട്ട് രണ്ടുദിവസത്തിനുള്ളിൽ കേരള ഫുട്‌ബോൾ അസോസിയേഷൻ (കെഎഫ്എ) സാങ്കേതികറിപ്പോർട്ട് നൽകണം. മേയർ ഒ. സദാശിവന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കൃത്യമായി വെള്ളംനനച്ചാൽ പുല്ലുവളരുമെങ്കിലും പുൽമൈതാനത്തിന്റെ രൂപഘടനയിൽത്തന്നെ മാറ്റംവന്നിട്ടുണ്ട്. പലകയിട്ട് അതിനുമുകളിൽ ലോഡുകണക്കിന് മണ്ണിടുകയാണ് ചെയ്തത്. ഇതിടാനായി ടിപ്പർലോറി വന്നതോടെ മൈതാനം അമർന്നു.
അതുപോലെ മണ്ണുനീക്കുമ്പോഴും ഇതേ പ്രശ്നമുണ്ടായി. നിലവിൽ മേൽത്തട്ടിന്റെ മൃദുലത നഷ്ടമായി. പകരം കട്ടിയായി മാറി. രൂപഘടന മാറിയെന്നുപറയാൻ ഇതാണ് കാരണം.
നിലവിലുള്ള പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനായി എന്തുചെയ്യണമെന്ന് അറിയാനും ഫിഫ അംഗീകാരമുള്ള, കൊച്ചിയിൽ സ്റ്റേഡിയം ഒരുക്കുന്ന സംഘം കോഴിക്കോട്ടെത്തി പരിശോധിക്കുന്നുണ്ട്. റേസിങ് ലീഗിന് വിട്ടുകൊടുക്കുന്നതിനുമുന്നേ എങ്ങനെയാണോ ആ രീതിയിൽ പുനഃസ്ഥാപിക്കുന്നതിന് എത്രരൂപ ചെലവാകുമെന്ന് വിദഗ്ധസംഘത്തിന്റെ പരിശോധനയിൽ വ്യക്തമാകും. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കോർപ്പറേഷന് സാങ്കേതികറിപ്പോർട്ട് നൽകുക.
സൂപ്പർക്രോസ് ലീഗിന്റെ സംഘാടകർ 25 ലക്ഷം രൂപ നിക്ഷേപമായി നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ രൂപഘടന പുനഃസ്ഥാപിക്കാൻ ഇത് മതിയാകില്ലെന്നാണ് കരുതുന്നത്. 25-നുള്ളിൽ പഴയപടിയാക്കുമെന്ന് മത്സരത്തിന്റെ സംഘാടകരായ ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗ്, ബാൻഡിഡോസ് മോട്ടോർ സ്പോർട്‌സ് എന്നിവർ അറിയിച്ചിരുന്നു. പുല്ല് വളർന്നതുകൊണ്ടുമാത്രം പഴയപടിയാവില്ലെന്നാണ് ഫുട്‌ബോൾ പ്രേമികളും സംഘാടകരും പറയുന്നത്.
യോഗത്തിൽ ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി, ജോയിന്റ് സെക്രട്ടറി പി. സോമശേഖരൻ, കെഎഫ്എ വൈസ് പ്രസിഡന്റ് ഹരിദാസ്, കെഡിഎഫ്എ സെക്രട്ടറി കെ.കെ. ഷാജേഷ്, സൂപ്പർക്രോസ് റേസിങ് ലീഗ് പ്രതിനിധി അനസ് അബ്ദുള്ള എന്നിവർ പങ്കെടുത്തു.
Published: 06 Jan 2026, 04:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented