കരിന്തളം : പ്രദേശത്തെ വീടുകളിൽനിന്ന് ചിരട്ട ശേഖരിച്ച് സംഭരിച്ച് അവശ്യഘട്ടങ്ങളിൽ അത് പൊതുശ്മശാനത്തിലെ സംസ്കാരച്ചടങ്ങുകൾക്ക് സൗജന്യമായി നൽകി വനിതാ കൂട്ടായ്മ. കരിന്തളം അണ്ടോളിലെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരാണ് സംഘടനാപ്രവർത്തനത്തിനപ്പുറം സന്നദ്ധപ്രവർത്തനത്തിലും സജീവമായത്. ചിരട്ടയ്ക്ക് ക്ഷാമവും നല്ല വിലയും കിട്ടുന്ന ഘട്ടത്തിലാണ് ഇവരുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നത്.

To advertise here,

പ്രദേശത്ത് 50-ലധികം വീടുകൾ ഉണ്ട്. ആരെങ്കിലും മരിച്ചാൽ പൊതുശ്മശാനത്തിലേക്ക് ആവശ്യമായ ചിരട്ട പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നത് സാമ്പത്തിക ബാധ്യത വരുത്തുന്നത് മനസ്സിലാക്കിയാണ് കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇവരുടെ ഇടപെടൽ. പ്രദേശത്തെ അൻപതിലധികം വീടുകളിൽ ഓരോ ചാക്ക് നൽകി വീട്ടിൽ ബാക്കിയാകുന്ന ചിരട്ടകൾ നിക്ഷേപിക്കാൻ നിർദേശിച്ചു.

വീടുകളിലെത്തി ശേഖരിക്കുന്നവർ ചിരട്ടയൊന്നിന് ഒരു രൂപ നൽകുന്ന സാഹചര്യത്തിലും എല്ലാ വീട്ടുകാരും പദ്ധതിയുമായി സഹകരിച്ചു. വീടുകളിൽനിന്ന് ശേഖരിക്കുന്ന ചിരട്ടകൾ പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന ഒരു വീട്ടിൽ സംഭരിച്ചാണ് ഇവർ ആവശ്യത്തിന് പൊതുശ്മശാനത്തിലേക്ക് നൽകുന്നത്. അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി പി. ശാന്ത, പ്രസിഡന്റ് വി.വി. രാധിക എന്നിവരാണ് നേതൃത്വം.