നർക്കിലക്കാട് : കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ രണ്ടു പേർ മരിച്ച വരക്കാട് എളേരി കവലയിൽ റോഡിന് സുരക്ഷാഭിത്തി നിർമിക്കാൻ വേണ്ടി ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കവലയിലെ അപകടരമായ ട്രാൻസ്ഫോമറും മാറ്റി സ്ഥാപിക്കും. വീതികൂട്ടി മെക്കാഡം ടാറിങ്ങ് നടത്തിയ ചിറ്റാരിക്കാൽ ഭീമനടി റോഡിലെ വരക്കാട് എളേരി കവലയിൽ ആവശ്യമായ വീതിയില്ലെന്ന് പരാതി ഉണ്ടായിരുന്നു. പൊതുപ്രവർത്തകനായ കുഞ്ഞാരാണൻ നൽകിയ നിരവധി പരാതിയെ തുടർന്ന് കളക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നുവെങ്കിലും തുടർ നടപടി ഒന്നുമുണ്ടായിരുന്നില്ല.
എളേരി റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ഇറക്കത്തിൽ റോഡിന് താഴെയുള്ള വീടിന്റെ പരിസരത്തേക്ക് മറിഞ്ഞു വീഴാറുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ആറ് അപകടങ്ങളാണ് ഉണ്ടായത്. ശനിയാഴ്ച മറിഞ്ഞ കുഴൽ കിണർ വാഹനം സമീപത്തെ വീട് പൂർണ്ണമായും തകർത്തിരുന്നു. വീട്ടിൽ വാടകക്ക് താമസിക്കുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ജനരോഷം ശക്തമായതിനെ തുടർന്നാണ് ചൊവ്വാഴ്ച ഉദ്യോഗസ്ഥ സംഘം വരക്കാടെത്തിയത്.
വരക്കാട് കവലയിലെ അപകടകരമായ ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാനും തീരുമാനമായി. ആവശ്യമായ സ്ഥലം വിട്ടുനൽകാൻ സമീപത്തെ സ്ഥലം ഉടമയായ പോൾ സമ്മതിച്ചിട്ടുണ്ട്. സുരക്ഷാഭിത്തി നിർമിക്കാനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കാമെന്ന് കെ.ആർ.എഫ്.ബി അധികൃതരും അറിയിച്ചു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു, പ്രസിഡന്റ് പ്രസീത രാജൻ, വികസനകാര്യ സമിതി അധ്യക്ഷൻ കെ.ജനാർദനൻ, കെ.ആർ. എഫ്. ബി അസി.എക്സികുട്ടീവ് എഞ്ചിനീയർ ജയദീപ്, അസി. എഞ്ചിനീയർ ദിലീപ്, പ്രോജക്ട് എഞ്ചിനീയർ അരുൺ , കെ. എസ്.ഇ.ബി എഞ്ചിനീയർ മാത്യു, പഞ്ചായത്ത് അസി.എഞ്ചിനീയർ ദുർഗ്ഗേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സ്ഥലപരിശോധന സംഘത്തിലുണ്ടായിരുന്നു.
Published: 07 Oct 2026, 04:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented